ഡല്‍ഹി: ഒരു തീവ്രവാദിയാകാന്‍ താന്‍ ആഗ്രഹിച്ച സമയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ ഖൈസര്‍ ജംഷെയ്ദ് ലോണ്‍ രംഗത്ത്. ജമ്മു കശ്മീര്‍ നിയമസഭയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ലോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ ചെറുപ്പമായിരുന്നപ്പോള്‍ സൈനിക നടപടിക്കിടെ ഒരു സൈനിക ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു തീവ്രവാദിയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.- അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥനെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശാസിച്ചത് സിസ്റ്റത്തിലുള്ള തന്റെ വിശ്വാസം പുനഃസ്ഥാപിച്ചതായി ലോലാബില്‍ നിന്നുള്ള എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സംവാദത്തിലൂടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ഈ സംഭവം കാണിച്ചുതന്നു, അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തില്‍ എന്റെ പ്രദേശത്ത് ഒരു അടിച്ചമര്‍ത്തല്‍ ഉണ്ടായിരുന്നു. അന്ന് ഞാന്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. ഞാനുള്‍പ്പെടെ 32 യുവാക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു, സഭയില്‍ പ്രസംഗത്തിനിടെ ലോണ്‍ പറഞ്ഞു.
അടിച്ചമര്‍ത്തല്‍ സമയത്ത് തീവ്രവാദികളുമായി ബന്ധം ചേര്‍ന്ന ഒരു യുവാവിനെക്കുറിച്ച് ഒരു സൈനിക ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചു.
എന്റെ പ്രദേശത്ത് താമസിക്കുന്ന ആളായതിനാല്‍ ആ യുവാവിനെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ എന്നെ തല്ലി. അദ്ദേഹം എന്നോട് തീവ്രവാദി ആക്രമണത്തില്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ നിഷേധാത്മകമായി മറുപടി നല്‍കി, എന്നെ വീണ്ടും മര്‍ദിച്ചു, എംഎല്‍എ തുടര്‍ന്നു.
ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തെത്തി ജീവിതത്തില്‍ എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചു. എനിക്ക് തീവ്രവാദിയാകണമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നോട് കാരണം ചോദിച്ചു, ഞാന്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു, എംഎല്‍എ പറഞ്ഞു.
തന്നോട് സംസാരിച്ചതിന് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ കീഴുദ്യോഗസ്ഥനെ പരസ്യമായി ശാസിച്ചെന്നും ഇത് സിസ്റ്റത്തിലുള്ള തന്റെ വിശ്വാസം പുനഃസ്ഥാപിച്ചെന്നും ലോണ്‍ കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്ത 32 യുവാക്കളില്‍ 27 പേരും തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി പിന്നീടാണ് അറിഞ്ഞതെന്ന് ലോലാബ് എംഎല്‍എ ലോണ്‍ പറഞ്ഞു.