കോട്ടയം: മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തിരക്കൊഴിവാക്കാന്‍ ബംഗളൂരു- തിരുവന്തപുരം നോര്‍ത്ത് ശബരിമല സ്‌പെഷല്‍ ട്രെയന്‍ പ്രഖ്യാപിച്ചു റെയില്‍വേ. നവംബര്‍ 12,19,26, ഡിസംബര്‍ 3,10,17,24,31, ജനുവരി 7,14,21,27 തിയതികളിലായിരിക്കും ട്രെയിന്‍ പുറപ്പെടുക.
എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6.05ന് തിരുവനന്തപുരും നോര്‍ത്തില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച രാവിലെ 10.55ന് എസ്.എം.വി.ടി. ബംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരും. തിരികെ നവംബര്‍ 13,20,27, ഡിസംബര്‍ 4,11,18,25, ജനുവരി 1,8,15,22,29 തിയതികളില്‍ ഉച്ചയ്ക്ക് 12.4ന് തിരുവനന്തപുരത്തേക്കും പുറപ്പെടും. 16 കോച്ച് ട്രെയിനാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കോട്ടയം വഴിയുള്ള ട്രെയിനുകളുടെ ബുക്കിങ്ങുകള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ശബരിമല തീര്‍ഥാടകരാണ് കൂട്ടമായി ബുക്ക് ചെയ്യുന്നത്.
മുന്‍കൂട്ടി 60 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ബുക്കുചെയ്യാം. നവംബറിനു മുൻപ് ഇത് 120 ദിവസമായിരുന്നു. റിസർവഷേൻ ദിവസങ്ങൾ റെയിൽവേ വെട്ടിച്ചുരുക്കിയതോടെയാണ് ഒക്ടോബറിൽ തന്നെ ഭൂരിഭാഗം ടിക്കറ്റുകളും തീർഥാടകർ റിസർവ് ചെയ്തത്.
ഇതോടെ ശബരിമല തീര്‍ഥാടകര്‍ക്കായി ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് കൂടുതല്‍ സ്‌പെഷല്‍ ട്രെയിന്‍ എന്ന ആവശ്യത്തിന് സമര്‍ദമേറുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളില്‍ നിന്ന് കോട്ടയം, കൊല്ലം സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചിരുന്നു.
ക്രിസ്മസ്, പുതുവര്‍ഷ തിരക്ക് കൂടി കണക്കിലെടുത്ത് ട്രെയിന്‍ അനുവദിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് സൗകര്യ പ്രദമാകും. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം യാത്രക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും റെയില്‍വേ പരിഗണിച്ചിട്ടില്ല.
ശബരിമല, ക്രിസ്മസ് സീസണിനു മുന്നോടിയായി പതിവ് ട്രെയിനുകളിലെ ടിക്കറ്റ് രണ്ടുമാസം മുന്‍പേ തീര്‍ന്നു. ദീപാവലി അവധിക്കു ശേഷം കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനുകളില്‍ റിസര്‍വ് ചെയ്തവര്‍ക്കു പോലും കയറാന്‍ കഴിയാതെ വന്നതും യാത്രാക്ലേശത്തിന്റെ നേര്‍കാഴ്ചയായി.
കൂടുതല്‍ പേര്‍ ട്രെയിനിനെ ആശ്രയിക്കുന്ന തെക്കന്‍ കേരളത്തിലേക്ക് പ്രതിദിനം രണ്ട് ട്രെയിനുകള്‍ മാത്രമാണുള്ളത്. കോട്ടയം വഴിയുള്ള കെഎസ്ആര്‍ ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസും ആലപ്പുഴ വഴിയുള്ള മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) എക്‌സ്പ്രസും. മലബാര്‍ മേഖലയിലേക്ക് സേലം വഴിയുള്ള യശ്വന്തപുര – കണ്ണൂര്‍ എക്‌സ്പ്രസും മംഗളൂരു വഴിയുള്ള കെഎസ്ആര്‍ ബെംഗളൂരു- കണ്ണൂര്‍ എക്‌സ്പ്രസുമാണ് പ്രതിദിന സര്‍വീസുകള്‍.
വെള്ളിയാഴ്ചകളില്‍ വൈകിട്ട് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഞായറാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചാല്‍ പതിവു യാത്രക്കാരുടെ ക്ലേശത്തിന് ഒരു പരിധി വരെ പോംവഴിയാകും.
യശ്വന്തപുര -തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്‌സ്പ്രസ് പ്രതിദിനമാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് സര്‍വീസ്.
യശ്വന്തപുര – തിരുവനന്തപുരം നോര്‍ത്ത് എസി പ്രതിവാര എക്‌സ്പ്രസ് വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നുള്ള മടക്ക സര്‍വീസ് ഞായറാഴ്ചകളിലുമായി പുനക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ചകളിലുമാണു സര്‍വീസ്.
ഇതോടൊപ്പം ബംഗളൂരു തിരുവന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസും റെയില്‍വേ പരിഗണിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. മുന്‍പ് ബംഗളൂരു എറണാകുളം വന്ദേഭാരത് സര്‍വീസ് താല്‍ക്കാലികമായി നടത്തിയിരുന്നു. മികച്ച വരുമാനം ഉണ്ടായിരുന്നിട്ടും സര്‍വീസ് തുടര്‍ന്നുകൊണ്ടുപോകാന്‍ റെയില്‍വേ തയാറായില്ല.