എഐയ്ക്കും വെളിവില്ലേ! പണിമുടക്കി ചാറ്റ്‌ജിപിടി; വ്യാപക പരാതികള്‍, പരസ്യമായി മാപ്പ് പറഞ്ഞ് സിഇഒ

കാലിഫോര്‍ണിയ: ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടി അരമണിക്കൂര്‍ നേരം പണിമുടക്കിയതില്‍ പരസ്യമായി മാപ്പ് ചോദിച്ച് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍. പ്രതീക്ഷകളെല്ലാം തെറ്റിച്ച് ലോക വ്യാപകമായി ചാറ്റ്‌ജിപിടിയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിടുകയായിരുന്നു. 

പ്രമുഖ എഐ ചാറ്റ്‌ബോട്ടുകളിലൊന്നായ ചാറ്റ്‌ജിപിടി അരമണിക്കൂര്‍ നേരമാണ് പണിമുടക്കിയത്. ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റെക്‌ടറിന്‍റെ കണക്കുകള്‍ പ്രകാരം 19,000ത്തിലേറെ പരാതികളാണ് ചാറ്റ്‌ജിപിടിയിലെ പ്രശ്‌നം സംബന്ധിച്ച് ഉയര്‍ന്നത്. ചാറ്റ്‌ജിപിടിയുടെ സേവനം ലഭിക്കുന്നില്ല എന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാപ്പ് പറഞ്ഞ് ചാറ്റ്‌ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാന്‍ രംഗത്തെത്തി. 

‘ചാറ്റ്‌ജിപിടി ഇന്ന് 30 മിനിറ്റ് നേരത്തേക്ക് ഡൗണായി. വിശ്വാസ്യതയില്‍ മുമ്പത്തേക്കാള്‍ മുന്നേറ്റം ഇപ്പോള്‍ ഞങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സിമിലര്‍വെബിന്‍റെ കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ വെബ്‌സൈറ്റാണ് ചാറ്റ്‌ജിപിടി ഇപ്പോള്‍. ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ഏറെ ജോലികള്‍ ചാറ്റ്‌ജിപിടിയില്‍ ചെയ്യാനുണ്ടായിരുന്നു’ എന്നും സാം ആള്‍ട്ട്‌മാന്‍ എക്‌സില്‍ കുറിച്ചു. 

ഇന്ന് വളരെ ജനപ്രിയമായ എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടാണ് ചാറ്റ്‌ജിപിടി. ജനറേറ്റീവ് പ്രീ-ട്രെയ്‌ന്‍ഡ് ട്രാന്‍സ്‌ഫോമര്‍ ചാറ്റ്‌ബോട്ടാണിത്. ഓപ്പണ്‍എഐയാണ് ചാറ്റ്‌ജിപിടിയുടെ സ്ഥാപകര്‍. 2022 നവംബര്‍ 30നാണ് ചാറ്റ്ജിപിടിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. 

Read more: 150 ദിവസം വരെ വാലിഡിറ്റി, വിലയെല്ലാം 700ല്‍ താഴെ; ബിഎസ്എന്‍എല്ലിന്‍റെ സമ്മാനപ്പെരുമഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin