പാലക്കാട്: പരസ്യ വിഴുപ്പലക്കിലേയ്ക്ക് പോയ പാലക്കാട് എം.ബി രാജേഷ്, എന്‍.എന്‍ കൃഷ്ണദാസ് പോര് പറഞ്ഞൊതുക്കിയത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഇടപെടലിലെന്ന് സൂചന.
ഉപതെരഞ്ഞെടുപ്പിനിടെ രണ്ട് കൂട്ടരും പരസ്പരം ഭിന്നാഭിപ്രായങ്ങളുമായി രംഗത്ത് വന്നത് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തെ രണ്ട് ഘട്ടങ്ങളില്‍ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇപ്പോള്‍ പാലക്കാടുള്ള എം.വി ഗോവിന്ദന് രണ്ട് പേര്‍ക്കും കര്‍ശന താക്കീത് നല്‍കിയാണ് പ്രശ്നം തീര്‍ത്തത്. രാജേഷ് പ്രതിസന്ധിയിലായപ്പോള്‍ പാര്‍ട്ടി നിലപാടും ട്രോളി ബാഗ് വിവാദവും തള്ളി രംഗത്തെത്തിയ എന്‍.എന്‍ കൃഷ്ണദാസിന്റെ പ്രതികരണങ്ങള്‍ ഇന്നലെ വലിയ വാര്‍ത്തയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കൃഷ്ണദാസിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ‘പട്ടിഷോ’യുടെ പേരിലും ഇരുവരും ഭിന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.
അന്ന് കൃഷ്ണദാസിന്റെ നിലപാട് തള്ളിക്കൊണ്ടാണ് മന്ത്രി എം.ബി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തില്‍ കൃഷ്ണദാസ് അന്ന് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടത്തിയ ‘നീല ട്രോളി’ പാതിരാ പരിശോധനയുടെ മുഖ്യ ആസൂത്രകനായി അറിയപ്പെട്ടത് മന്ത്രി എം.ബി രാജേഷാണ്.
സംഭവം അടിമുടി പാളി രാജേഷും പാര്‍ട്ടിയും എയറിലായ ഘട്ടം വന്നപ്പോള്‍ ഏറെ സന്തോഷിച്ചതും കൃഷ്ണദാസായിരുന്നു.
ട്രോളി വലിച്ചെറിയ്.., എന്നിട്ട് ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യൂ.. എന്ന കൃഷ്ണദാസിന്റെ വെള്ളിയാഴ്ചത്തെ പ്രതികരണം എം.ബി രാജേഷിനെ ഉന്നം വച്ചായിരുന്നു. രാജേഷിന്റെ തന്ത്രം പൊളിഞ്ഞു പാളീസായതിലുള്ള സന്തോഷവും കൃഷ്ണദാസിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
ഇതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് തല്ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നിട്ടും കൃഷ്ണദാസ് പറഞ്ഞത് തിരുത്തിയിട്ടുമില്ല.