ബംഗ്ലാദേശ്: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയുടെ ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കാനുള്ള ഒരു അക്രമവും ശ്രമവും ഇടക്കാല സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുല്‍ ആലം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നിലവിലെ രൂപത്തിലുള്ള അവാമി ലീഗ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണ്. ഈ ഫാസിസ്റ്റ് പാര്‍ട്ടിയെ ബംഗ്ലാദേശില്‍ പ്രതിഷേധം നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടക്കൊലയാളിയും ഏകാധിപതിയുമായ ഷെയ്ഖ് ഹസീനയില്‍ നിന്ന് ഉത്തരവുകള്‍ സ്വീകരിച്ച് റാലികളും സമ്മേളനങ്ങളും ഘോഷയാത്രകളും നടത്താന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും നിയമപാലക ഏജന്‍സികളുടെ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആലം മുന്നറിയിപ്പ് നല്‍കി.
ആഗസ്റ്റ് 5 ന് ഹസീന തന്റെ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ബഹുജന പ്രക്ഷോഭത്തിനിടയില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷം അവാമി ലീഗ് നടത്തുന്ന റാലിക്കുള്ള ആദ്യ ആഹ്വാനമാണിത്.