ഡല്‍ഹി: 1988-ല്‍ സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവലായ സാത്താനിക് വേഴ്സിന്റെ ഇറക്കുമതി നിരോധിച്ച രാജീവ് ഗാന്ധി സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലുള്ള നടപടികള്‍ അവസാനിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി.
2019 മുതല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജി ഫലശൂന്യമാണെന്നും പുസ്തകവുമായി ബന്ധപ്പെട്ട് നിയമത്തില്‍ ലഭ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഹര്‍ജിക്കാരന് അര്‍ഹതയുണ്ടെന്നും ജസ്റ്റിസ് രേഖാ പള്ളിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ മതനിന്ദയായി വീക്ഷിച്ചതിനെ തുടര്‍ന്ന് 1988-ല്‍ ക്രമസമാധാന കാരണങ്ങളാലാണ് ബുക്കര്‍ പ്രൈസ് നേടിയ എഴുത്തുകാരന്റെ ‘ദ സാത്താനിക് വേഴ്സ്’ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രം നിരോധിച്ചത്.
1988 ഒക്ടോബര്‍ 5-ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍, കസ്റ്റംസ് ആക്ട് അനുസരിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച പുസ്തകം ഇറക്കുമതി ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്ന് ഹര്‍ജിക്കാരനായ സന്ദീപന്‍ ഖാന്‍ കോടതിയില്‍ വാദിച്ചിരുന്നു.