ഡല്‍ഹി: വിരമിച്ച ചില ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 6,000 മുതല്‍ 15,000 രൂപ വരെ തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീം കോടതി.
തനിക്ക് 15,000 രൂപ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച ഹൈക്കോടതി ജഡ്ജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പികെ മിശ്ര, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
13 വര്‍ഷം ജില്ലാ കോടതിയില്‍ ജുഡീഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ഹര്‍ജിക്കാരന്‍ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ തന്റെ ജുഡീഷ്യല്‍ സര്‍വീസ് പരിഗണിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതായി അവകാശപ്പെട്ടു.
പെന്‍ഷനായി 6000 രൂപയും 15000 രൂപയും വാങ്ങുന്ന റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാര്‍ നമ്മുടെ മുന്നിലുണ്ടെങ്കില്‍ അത് ഞെട്ടിക്കുന്നതാണ്. അതെങ്ങനെ ശരിയാകും? ബെഞ്ച് അഭിപ്രായപ്പെട്ടു.
ജഡ്ജിമാര്‍ക്കുള്ള റിട്ടയര്‍മെന്റിനു ശേഷമുള്ള സൗകര്യങ്ങള്‍ ഓരോ ഹൈക്കോടതിയിലും വ്യത്യസ്തമാണെന്നും ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. കേസ് നവംബര്‍ 27ന് വാദം കേള്‍ക്കും.