ബംഗളൂരു: വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ഷക ആത്മഹത്യ നടന്നുവെന്ന തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിന് ബിജെപി എംപി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ രുദ്രപ്പ ചന്നപ്പ ബാലികായി എന്ന കര്‍ഷകന്‍ വഖഫ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് തേജസ്വി സൂര്യ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സില്‍ അദ്ദേഹം പങ്കുവച്ച കുറിപ്പ് നിലവില്‍ ലഭ്യമല്ല.
മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനും സംസ്ഥാനത്തെ കര്‍ഷകരെ ദുരിതത്തിലാക്കിയെന്നും തേജസ്വി സൂര്യ ആരോപിച്ചിരുന്നു.
2022 ജനുവരിയില്‍ നടന്ന കര്‍ഷകന്റെ ആത്മഹത്യയ്ക്ക് കാരണം ഭൂമിയുടെ ഉടമസ്ഥതയിലുള്ള പ്രശ്നങ്ങളേക്കാള്‍ കടബാധ്യതയും വിളനാശവുമാണെന്ന് ഹവേരി പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.