കോട്ടയം: ട്രെയിനുകള്‍ക്കു ഹൈഡ്രോളിക് ഡോറുകള്‍ വരുമോ ? ട്രെയിനില്‍ കയറുന്നതിനിടെയും വാതില്‍പ്പടിയില്‍ നിന്നു യാത്ര ചെയ്യുമ്പോഴുമെല്ലാം അപകടം സംഭവിക്കുന്നതു പതിവാണ്.
ഇന്നു രാവിലെ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ പയ്യോളിയില്‍ യുവതി ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു. മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകള്‍ ജിന്‍സി(26)ആണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്.
പയ്യോളിയിലെ മൂരാട് റെയില്‍വേ ഗേറ്റിനു സമീപമാണ് അപകടം. കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ നിന്നാണു യുവതി വീണത്.
നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോള്‍ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്.
ഇരിട്ടി സ്വദേശിയായ 19കാരിയാണ് അപകടത്തില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെറിയ പരിക്കുകള്‍ മാത്രമേ ഉള്ളൂ. ഞായറാഴ്ച കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. പുതുച്ചേരിമംഗളൂരു ട്രെയിനിലാണു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. തലശേരിയില്‍ നിന്നു മംഗളൂരുവിലേക്കായിരുന്നു യാത്ര.
ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബിസ്‌ക്കറ്റും മറ്റും വാങ്ങാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണു ട്രെയിന്‍ എടുക്കുന്നത് കണ്ടത്. ഇതുകണ്ട പെണ്‍കുട്ടി സാധനങ്ങളെല്ലാം കടയില്‍തന്നെ വച്ചു ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെയാണ് ഇവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
അശ്രദ്ധയരുത്, വെപ്രാളവും വേണ്ട
ചെറിയ സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റു മാത്രം സ്‌റ്റോപ്പുള്ളതിനാല്‍ ലഗേജ് കയറ്റാന്‍ ട്രെയിനിനുള്ളില്‍ കയറാതിരിക്കുകയാണു നല്ലത്. ആവശ്യമെങ്കില്‍ വാതിലില്‍ വച്ചു കൊടുക്കുക. യാത്ര പുറപ്പെടുന്ന സ്‌റ്റേഷനുകളിലും അവസാനിക്കുന്ന സ്‌റ്റേഷനിലും മാത്രമാണു കൂടുതല്‍ സമയം ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുള്ളത്. ഇടയ്ക്കുള്ള പ്രധാന ജങ്ഷന്‍ സ്‌റ്റേഷനുകളില്‍ ചിലപ്പോള്‍ 3 മുതല്‍ 5 മിനിറ്റ് വരെ സ്‌റ്റോപ്പുണ്ടാകാം.
മറ്റ് ഇട സ്‌റ്റേഷനുകളിലെല്ലാം ഒരു മിനിറ്റ് സ്‌റ്റോപ്പുകളാണുള്ളതെന്നും ശ്രദ്ധിക്കണം. ട്രെയിന്‍ നീങ്ങിതുടങ്ങിയാല്‍ ആ സമയത്തെ വെപ്രാളത്തില്‍ പുറത്തേക്കു ചാടുന്നതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വേവലാതിപ്പെടാതെ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങാമെന്നു തീരുമാനിച്ചാല്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ കഴിയും. ട്രെയിനിലെ ഡോറുകള്‍ക്കു ഭാരം കൂടുതലായതിനാല്‍ അശ്രദ്ധമായി നില്‍ക്കുമ്പോള്‍ വന്നിടിച്ചാല്‍ വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ തെറിച്ചു പുറത്തേക്കു വീഴും.
മൊബൈലില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുകയാണെങ്കില്‍ ഒരു കൈ കൊണ്ടു ഡോര്‍ വന്നിടിക്കുന്നതു പ്രതിരോധിക്കാന്‍ കഴിയില്ല. ബാലന്‍സ് നഷ്ടപ്പെട്ടു താഴെ വീഴാം. കഴിവതും വാതില്‍പ്പടി യാത്ര ട്രെയിനില്‍ ഒഴിവാക്കണം.
ട്രെയിന്‍ ഒരു ട്രാക്കില്‍നിന്നു മറ്റൊരു ട്രാക്കിലേക്കു കയറുമ്പോഴുണ്ടാകുന്ന വലിയ കുലുക്കത്തിലും വളവുകളിലും പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോഴും ഡോര്‍ വന്നു ശക്തമായി പുറത്തടിക്കാം.
സ്വകാര്യ ബസുകള്‍ക്കാകാം പക്ഷേ, ഇന്ത്യന്‍ റെയല്‍വേക്ക് പാടില്ല
കേരളത്തില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഓട്ടോമാറ്റിക് ഡോറുകള്‍ ഇല്ലാത്ത ബസുകള്‍ വളരെ ചുരുക്കമാണ്. അപകടങ്ങള്‍ പതിവായതോടെയാണു സ്വകാര്യ ബസുകള്‍ക്കടക്കം ഓട്ടോമാറ്റിക് ഡോറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഒരു മടിയും കൂടാതെ സ്വകാര്യ ബസുകള്‍ ഉത്തരവ് നടപ്പാക്കി.
എന്നാല്‍, ഇന്ത്യ മുഴുവന്‍ വ്യപിച്ചു കിടക്കുന്ന ബൃഹത്തായ ശ്യംഖലയുള്ള റെയില്‍വേയ്ക്കു ട്രെയിനുകള്‍ ഓട്ടോമാറ്റിക്കിലേക്കു മാറുന്നതിനോടു അത്ര യോജിപ്പില്ല. പുതിയ വന്ദേഭാരത് സീരീസുകളില്‍ ഈ സംവിധാനം ഉണ്ടെങ്കിലും എല്‍.എച്ച്.ബി കോച്ചുകള്‍ക്കു പോലും ഓട്ടോമാറ്റിക് ഡോര്‍ സ്ഥാപിക്കാന്‍ റെയില്‍വേ തയാറല്ല.
എല്‍.എച്ച്.ബി കോച്ചുകളില്‍ ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയാറാകണം. വന്ദേഭാരത് പോലെയുള്ള ട്രെയിന്‍ സെറ്റുകള്‍ വരുമ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിലും എല്‍എച്ച്ബി കോച്ചുകളുടെ ഉല്‍പാദനം കൂട്ടിയ സാഹചര്യത്തില്‍ അവയിലും ഓട്ടമാറ്റിക് ഡോറുകള്‍ നിര്‍ബന്ധമാക്കണം.
ലോക്കോപൈലറ്റിന് നിയന്ത്രിക്കാവുന്ന തരത്തിലായിരിക്കണം ഈ ഡോറുകള്‍. എല്ലാ ഡോറുകളും അടഞ്ഞാല്‍ മാത്രം ട്രെയിന്‍ പുറപ്പെടുന്ന സംവിധാനം നിലവില്‍ തേജസ് ട്രെയിനിലുണ്ട്. ഇതു മറ്റു ട്രെയിനുകളിലേക്കു വ്യാപിപ്പിക്കണമെന്നും യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയില്‍വേ വിഷയം പരിഗണിച്ചിട്ടില്ല.
ഓട്ടോമറ്റിക് ഡോറുകള്‍ സ്ഥാപിച്ചാല്‍ നിരവധി അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. പക്ഷേ, അതുവരെ ജീവന്‍ രക്ഷിക്കാന്‍ വാതില്‍പ്പടിയില്‍ ഇരിക്കുകയോ, നില്‍ക്കുകയോ ചെയ്യാതിരിക്കുക എന്നതുമാത്രമാണ് ഏക പോംവഴി.
കോച്ചുകളും പ്ലാറ്റ്‌ഫോമും തമ്മിലുള്ള വ്യത്യാസം
റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആവശ്യത്തിന് ഉയരമുള്ള സ്ഥലങ്ങളിലും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിനു കാരണം 2 കോച്ചുകള്‍ക്കിടയിലുള്ള ഗ്യാപ്പിലേക്കു യാത്രക്കാര്‍ വീഴുന്നതാണ്. വസ്ത്രങ്ങള്‍ വാതില്‍പ്പടിയിലോ മറ്റോ കുരുങ്ങി കഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണ്.
ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ട്രെയിന്‍ നിന്നുവെന്നു ഉറപ്പാക്കുക, നീങ്ങിത്തുടങ്ങുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങാനോ അകത്തേക്കു കയറാനോ ശ്രമിക്കരുത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനു ഇടയില്‍ വീണാല്‍, തല ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ അടുത്ത കോച്ചിലെ സ്‌റ്റെപ്പുകള്‍ തലയിലിടിക്കും.
വീണാല്‍ എഴുന്നേല്‍ക്കുക എന്നതു മനുഷ്യ സഹജമായ പ്രതികരണമായതിനാല്‍ അതിനുള്ള ഏതു ശ്രമവും ട്രാക്കിനും ട്രെയിനിനുമിടയില്‍ മരണം വിളിച്ചു വരുത്തും.