തിരൂര്‍: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ചാലിബ് പതിനായിരം രൂപ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചാലിബ് ബുധനാഴ്ച വൈകിട്ട് ഓഫീസില്‍ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്‌സ് ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.
രാത്രി പതിനൊന്ന് മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അര്‍ദ്ധരാത്രി 12.18ന് ഓഫായ ഫോണ്‍, ഇന്നലെ രാവിലെ 6.55ന് കുറച്ച് സമയം ഓണായിരുന്നു. ഇതിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്തായിരുന്നു. രാത്രിയും ഫോണ്‍ ഓണായി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉടുപ്പിയിലായിരുന്നു.
”കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയാണെന്ന് ചാലിബിന് മെസേജ് അയച്ചിരുന്നു. ഈ സമയം ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. മെസേജ് കണ്ടയുടനാണ് ഫോണ്‍ സ്വിച്ച് ഓഫായത്. ശേഷം ഇന്നലെ രാവിലെ 6.55നാണ് ഫോണ്‍ ഓണായത്. പിന്നെയും ഓഫായി. രാത്രിയും ഇന്ന് രാവിലെയും ഫോണ്‍ ഓണായിരുന്നു..” ബന്ധു പറഞ്ഞു.