പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
”തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇപ്പോള്‍ എല്ലാത്തിന്റെയും നിയന്ത്രണം. ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ഇടപെടാവുന്ന വിഷയമല്ല ഇത്. വിവരം കിട്ടിയാല്‍ പരിശോധിക്കും. അത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാണ്. സര്‍ക്കാരാണ് പോലീസിനെ വിട്ടതെന്നൊന്നും പറയരുത്. അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്.
ഇത്തരമൊരു വിവരം കിട്ടിയാല്‍ തെരഞ്ഞെടുപ്പ് സമയത്ത് പോലീസിന് എവിടെയും കയറി പരിശോധിക്കാം. ആരുടെ വണ്ടിയും തടഞ്ഞുനിര്‍ത്താം. ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ എന്റെ വണ്ടിയും തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്.
പോലീസ് കുറച്ച് കൂടെ നേരത്തെ വന്നിരുന്നെങ്കില്‍, എല്ലാ മുറിയും പരിശോധിച്ചിരുന്നെങ്കില്‍ പണം കിട്ടുമായിരുന്നെന്നാണ് എന്റെ അഭിപ്രായം. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ പറയാം. ഒഴിഞ്ഞ കപ്പില്‍ വെള്ളം കുടിക്കുന്നതും ചായയുള്ള കപ്പില്‍ കുടിക്കുന്നതും ദൂരെ നിന്ന് കണ്ടാല്‍ മനസിലാകും.
ഭാരമുള്ള പെട്ടി കൊണ്ടുപോകുന്നതും ഭാരമില്ലാത്ത പെട്ടി ഉരുട്ടിക്കൊണ്ടുപോകുമ്പോഴുമുള്ള വ്യത്യാസം ശ്രദ്ധിച്ചുനോക്കിയാല്‍ ആ വീഡിയോയില്‍ നിന്ന് മനസിലാകും. അത് പണമായിരിക്കുമല്ലോ. അല്ലാതെ നനയ്ക്കാനുള്ള തുണിയുമായി വരുമോയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.