വാഷിങ്ടണ്‍: ദുബൈ രാജകുമാരന്‍ ചമഞ്ഞു തട്ടിപ്പുനടത്തിയയാള്‍ക്ക് തടവുശിക്ഷ. ലബനീസ് പൗരനാണ് സാന് അന്റോണിയോയിലെ യുഎസ് ഫെഡറല്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചത്.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരനായ അലെക്സ് ജോര്‍ജസ് ടന്നൗസ് ആണ് യുഎഇ രാജകുടുംബാംഗമാണെന്നു വാദിച്ച് അമേരിക്കയില്‍ വന്‍ തട്ടിപ്പ് നടത്തിയത്. നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ഇയാള്‍ ആളുകളില്‍നിന്നു നിക്ഷേപമായി പണം സ്വീകരിച്ചത്. യുഎഇയില്‍ വലിയ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
2.5 മില്യന്‍ ഡോളര്‍ ആണ് അലെക്സ് ടന്നൗസ് ഇത്തരത്തില്‍ ജനങ്ങളില്‍നിന്നു തട്ടിയത്. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസിന്റെ പിടിയിലായത്.
ജൂലൈ 25ന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. കേസില്‍ കഴിഞ്ഞ ദിവസമാണ് യുഎസ് കോടതി തടവുശിക്ഷ വിധിച്ചത്. നഷ്ടപരിഹാരത്തുകയായി 2.2 മില്യന്‍ ഡോളര്‍ അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.