ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് വില്ലേജ് ഡിഫന്‍സ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
കശ്മീര്‍ ടൈഗേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കണ്ണടച്ച് കിടക്കുന്ന ഇരകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും ഭീകരസംഘം പങ്കുവച്ചു. ഒഹ്ലി കുന്ത്വാര ഗ്രാമത്തിലെ താമസക്കാരായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.
മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പോലീസ് വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ സമയത്ത് നസീറും കുല്‍ദീപും തങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ കാട്ടില്‍ പോയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്റെ സഹോദരനെയും അഹമ്മദിനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളായിരുന്നു (വിഡിജികള്‍) അവര്‍ പതിവുപോലെ കന്നുകാലികളെ മേയ്ക്കാന്‍ പോയിരുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവെ കുല്‍ദീപിന്റെ സഹോദരന് പൃഥ്വി പറഞ്ഞു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ കൊലപാതകങ്ങളെ അപലപിച്ചു.