ഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തെക്കുറിച്ചും കാനഡയിലെ ഖാലിസ്ഥാന്‍ തീവ്രവാദത്തെക്കുറിച്ചും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഓസ്ട്രേലിയയില്‍ നടത്തിയ വാര്‍ത്താസമ്മേളനം സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം പ്രമുഖ പ്രവാസി ഔട്ട്ലെറ്റ് ‘ഓസ്ട്രേലിയ ടുഡേ’യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും കാനഡ നിരോധിച്ചു.
ഔട്ട്ലെറ്റ് നിരോധിക്കാനുള്ള കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പറഞ്ഞു.
തങ്ങള്‍ ഉറച്ചതും അചഞ്ചലവും സുതാര്യമായതും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ‘ഓസ്ട്രേലിയ ടുഡേ’ വ്യക്തമാക്കി.
പ്രധാനപ്പെട്ട സ്റ്റോറികളും ശബ്ദങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദി ഓസ്ട്രേലിയ ടുഡേയുടെ മാനേജിംഗ് എഡിറ്റര്‍ ജിതാര്‍ത്ഥ് ജയ് ഭരദ്വാജ് പ്രസ്താവനയില്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് ലഭിച്ച വലിയ പിന്തുണ, സ്വതന്ത്ര മാധ്യമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലാണ്, സുതാര്യതയ്ക്കും കൃത്യതയ്ക്കും പ്രാധാന്യമുള്ള സ്‌റ്റോറികള്‍ പറയാനുള്ള അവകാശത്തിനും വേണ്ടി ഞങ്ങള്‍ തുടര്‍ന്നും പരിശ്രമിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യത്തെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഒരു പ്രധാന ഔട്ട്ലെറ്റായ ഓസ്ട്രേലിയ ടുഡേ, ജയശങ്കറിന്റെയും ഓസ്ട്രേലിയന്‍ കൌണ്ടര്‍ പെന്നി വോംഗിന്റെയും സംയുക്ത പത്രസമ്മേളനം കാന്‍ബറയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
‘ഒരു പ്രധാന ഡയസ്പോറ ഔട്ട്ലെറ്റായ ഈ പ്രത്യേക ഔട്ട്ലെറ്റിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പേജുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാനഡയിലെ കാഴ്ചക്കാര്‍ക്ക് ലഭ്യമല്ലെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഈ പ്രത്യേക ഹാന്‍ഡില്‍ പത്രം പ്രസ്സ് ചെയ്തതിന് ഒരു മണിക്കൂറോ ഏതാനും മണിക്കൂറോ കഴിഞ്ഞാണ് ഇത് സംഭവിച്ചത്. പെന്നി വോംഗുമായുള്ള എസ് ജയശങ്കറിന്റെ സമ്മേളനം ഞങ്ങള്‍ക്ക് വിചിത്രമായി തോന്നുന്നു.” വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
‘അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണിത്. വിദേശകാര്യ മന്ത്രി മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്.
ഒന്ന് പ്രത്യേക തെളിവുകളൊന്നുമില്ലാതെ കാനഡ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചാണ്. കാനഡയില്‍ നടക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നിരീക്ഷണമാണ് അദ്ദേഹം എടുത്തുകാട്ടിയ രണ്ടാമത്തെ കാര്യം, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ ഇന്ത്യാ വിരുദ്ധര്‍ക്ക് കനല്‍കിയിട്ടുള്ള രാഷ്ട്രീയ ഇടമാണ് അദ്ദേഹം മൂന്നാമതായി പരാമര്‍ശിച്ചത്. ഇതില്‍നിന്ന് എന്തുകൊണ്ടാണ് ഓസ്‌ട്രേലിയ ടുഡേ ചാനല്‍ കാനഡ തടഞ്ഞത് എന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും വിശകലനങ്ങളിലുമാണ് ഓസ്ട്രേലിയ ടുഡേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.