ധാക്ക: ഹിന്ദു മതത്തിനെതരായ അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനെതിരെ സുരക്ഷാ സേന വന്‍ ആക്രമണം അഴിച്ചുവിട്ടു.
തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ജമാത്ത്-ഇ-ഇസ്ലാമി അംഗമായ ഉസ്മാന്‍ അലി, ഹിന്ദു മതത്തിനും ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസിനും (ഇസ്‌കോണ്‍)എതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് നവംബര്‍ 5 ന് ഹസാരി ഗലി പ്രദേശത്ത് സംഭവങ്ങളുടെ തുടക്കം.
പോസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു നിവാസികള്‍ അലിയുടെ കടയ്ക്ക് പുറത്ത് തടിച്ചുകൂടി. ഇത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു.
ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയെ വിന്യസിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.
ചിറ്റഗോംഗിലെ ഹസാരി ലെയ്നിലെ അടിച്ചമര്‍ത്തലിന്റെ വീഡിയോ പങ്കിട്ട് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ രംഗത്തെത്തി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സാധാരണക്കാരുമായി ഏറ്റുമുട്ടുകയും അവരെ ബാറ്റണ്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഫൂട്ടേജില്‍ കാണാം.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം വായുവിലേക്ക് വെടിവച്ചു. ചില ഉദ്യോഗസ്ഥര്‍ സിസിടിവി ക്യാമറകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.