മീററ്റ്: മൂന്ന് വയസ്സുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍. മീററ്റിലാണ് സംഭവം. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവായ സൈനികന്‍ സുഹൃത്തായ ലാന്‍സ് നായിക് നരേഷിനെതിരെ അശ്രദ്ധ ആരോപിച്ച് പരാതി നല്‍കി. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പിതാവും പ്രതിയും സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരാണ്.
ഹരിയാനയിലെ ജിന്ദ് ജില്ലയിലെ നിദാനി ഗ്രാമവാസിയായ സോംബീര്‍ പൂനിയ കഴിഞ്ഞ നാല് വര്‍ഷമായി മീററ്റിലെ ഓര്‍ഡനന്‍സ് യൂണിറ്റിലാണ് സേവനം അനുഷ്ഠിക്കുന്നത്.
ഫസല്‍പൂരിലെ രാജേഷ് എന്‍ക്ലേവ് ആര്‍മി കോളനിയിലാണ് സോംബീറും കുടുംബവും താമസിക്കുന്നത്. മരിച്ച മൂന്ന് വയസ്സുള്ള വര്‍ത്തികയും മൂന്ന് മാസം പ്രായമുള്ള മകള്‍ ഭവിയുമാണ് മക്കള്‍.
ഒക്ടോബര്‍ 30 ന് വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വര്‍ത്തികയെ കാര്‍ സവാരിക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് മുകളിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ലാന്‍സ് നായിക് നരേഷ് കൊണ്ടുപോവുകയായിരുന്നു.
സോംബീറിന്റെ ഭാര്യ റിതു ആദ്യം ഇതിന് സമ്മതിച്ചിരുന്നില്ല. എന്നാല്‍, നരേഷ് വര്‍ത്തികയെ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കാറിനുള്ളില്‍ തനിച്ചാക്കി പുറത്തുപോയെന്നാണ് പരാതി. ദാരുണമായി, വര്‍ത്തിക ശ്വാസം മുട്ടി മരിച്ചു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നരേഷിനെ വിളിച്ചപ്പോള്‍ താന്‍ ഡ്യൂട്ടിയിലാണെന്ന് അവകാശപ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി മരിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയത്. സോംബീറിന്റെ പരാതിയെ തുടര്‍ന്ന് കാങ്കര്‍ഖേഡ പൊലീസ് നരേഷിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.