പാലക്കാട്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യര്‍. പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി ഒരു ദൃശ്യമാധ്യമം നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു സന്ദീപിന്റെ കുറിപ്പ്.
നേരത്തെ വി.എസ് മലമ്പുഴയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍, കൃഷ്ണകുമാര്‍ എന്‍ഡിഎയ്ക്ക് വേണ്ടി അന്ന് മത്സരിച്ചിരുന്നു. വി.എസിനെ പോലൊരു അതികായനോട് മത്സരിക്കുന്നതില്‍ വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ തലേന്നാണ് തന്റെ മാതാവ് മരിച്ചതെന്നും, അപ്പോള്‍ വി.എസ്. തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഈ വീഡിയോ പങ്കുവച്ചാണ് സന്ദീപിന്റെ കുറിപ്പ്. വി.എസ്. കാണിച്ചതാണ് യഥാര്‍ത്ഥ സംസ്‌കാരമെന്ന് സന്ദീപ് പറഞ്ഞു.
”രാഷ്ട്രീയ എതിരാളി എന്നത് ഒരിക്കൽപോലും അമ്മയുടെ മരണ സമയത്ത് ആശ്വസിപ്പിക്കാൻ ഒരു തടസ്സമാകരുത്. വിഎസിന്റെ സന്ദർശനം കൃഷ്ണകുമാർ ഏട്ടൻറെ മനസ്സിൽ ഇന്നും നിൽക്കുന്നതിന്റെ കാരണം ആ മുതിർന്ന നേതാവ് കാണിച്ച സൗമനസ്യമാണ്. ഇത്രയെ ഞാനും പറഞ്ഞുള്ളൂ”-എന്നായിരുന്നു സന്ദീപിന്റെ കുറിപ്പ്.
തന്റെ മാതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചപ്പോള്‍, ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ലെന്ന് ആരോപിച്ച് സന്ദീപ് ഏതാനും ദിവസം മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *