ഡൽഹി: ഗുജറാത്തിലെ സൂറത്തിലുള്ള ഫോർച്യൂൺ കോംപ്ലക്സിലുള്ള സ്പായിൽ വൻ തീപ്പിടിത്തം. മേക്കപ്പ് സാധനങ്ങളിൽ തീപടർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. ബെനു ഹംഗ്മ ലിംബോ, മനിഷ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
ഇടുങ്ങിയ മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന സ്പായിലെ ജനലുകൾ അടച്ചിട്ടിരുന്നതും ഉള്ളിലേക്ക് പ്രവേശിക്കുന്നതിനായി ഒരു വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതുമാണത്രെ രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കാനും സംഭവത്തിൽ ജീവഹാനി ഉണ്ടാക്കാനും ഇടയാക്കിയത്.
സിക്കിം സ്വദേശികളാണ് അപകടത്തിൽ മരണമടഞ്ഞ രണ്ടു പേരും. ശുചിമുറിയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.
അപകട സമയത്ത് 5 ജീവനക്കാർ സ്പായിൽ ഉണ്ടായിരുന്നെങ്കിലും 3 പേരെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന രക്ഷിച്ചിരുന്നു.