കൂട്ടം പിരിഞ്ഞു, തള്ളയാനയെ തിരഞ്ഞ് കടുവാ സങ്കേതത്തിലൂടെ നൂറ് കിലോമീറ്ററോളം അലഞ്ഞ് കുട്ടിയാനയ്ക്ക് രക്ഷ

ബാന്ധവ്ഗഡ്: കാണാതായ തള്ളയാനയെ തിരഞ്ഞ് കുട്ടിയാന കടുവാ സങ്കേതത്തിലൂടെ അലഞ്ഞത് 80 കിലോമീറ്റർ. ഒരാഴ്ചയോളമായി തള്ളയാനയെ തിരഞ്ഞുള്ള അലച്ചിലിലായിരുന്നു രണ്ട് വയസ് മാത്രം പ്രായമുള്ള പെൺ കുട്ടിയാന. മധ്യപ്രദേശിലെ ബാന്ധവ്ഗഡിലാണ് സംഭവം. കടുവാ സങ്കേതത്തിലെ മലകളും പാടങ്ങളും ജനവാസ മേഖലകളിലൂടെയും തള്ളയാനയ്ക്ക് വേണ്ടി തിരഞ്ഞ് നടക്കുന്ന കുട്ടിയാനയെ ഗ്രാമീണർ കണ്ടതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിക്കുന്നത്. 

വലിയ ശബ്ദമുണ്ടാക്കി ഒറ്റയ്ക്ക് അലഞ്ഞ് നടക്കുന്ന കുട്ടിയാനയെ ഗ്രാമവാസികളാണ് കണ്ടെത്തുന്നത്. ഗ്രാമവാസികൾ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരം വനംവകുപ്പ് അറിയുന്നത്. അടുത്തിടെ പഴകിയ കോഡോ മില്ലറ്റ് അഥവാ വരാ​ഗ് ധാന്യം കഴിച്ച് പത്തോളം ആനകൾ ചരിഞ്ഞതിന് പിന്നാലെയുള്ള കോലാഹലങ്ങൾ അവസാനിക്കും മുൻപാണ് പുതിയ സംഭവം. 

അടുത്തിടെ പത്തോളം ആനകൾ ചരിഞ്ഞ കൂട്ടത്തിനൊപ്പമുള്ളതാണ് നിലവിൽ കണ്ടെത്തിയിട്ടുള്ള കുട്ടിയാനയെന്നാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ എൽ കൃഷ്ണമൂർത്തി ദി ഇന്ത്യൻ എക്സ്പ്രസിനോട് വിശദമാക്കുന്നത്.  പഴകിയ കോഡോ മില്ലറ്റ് അകത്താക്കി നാല് കുട്ടിയാനകൾ അടക്കമാണ് കഴിഞ്ഞ ദിവസം ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കട്നി മേഖലയിൽ നിന്ന് കടുവാ സങ്കേതത്തിലൂടെ തനിച്ച് 80 കിലോമീറ്ററോളം സഞ്ചരിച്ചാണ് കുട്ടിയാന ബാന്ധവ്ഗഡിലെത്തിയതെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. സ്വയം പുല്ലും, ഇല്ലിയുടെ ഇളം തണ്ടും വെള്ളവും കുടിച്ച് ഇത്ര ദൂരം കുട്ടിയാന തനിച്ച് സഞ്ചരിച്ചത് അത്ഭുതമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. 

തീർത്തും അപരിചിതമായ മേഖലയിലൂടെയായിരുന്നു കുട്ടിയാന സഞ്ചരിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. രണ്ട് വർഷം മുൻപ് മേഖലയിൽ സമാനമായ സംഭവത്തിൽ കടുവകൾ ഒറ്റക്കായി പോയ കുട്ടിയാനയെ കൊന്നിരുന്നു. നിരവധി കടുവകളുടെ സാന്നിധ്യമുള്ള മേഖലയിലൂടെയാണ് കുട്ടിയാനയുടെ അത്ഭുത പ്രയാണമെന്നതാണ് വനംവകുപ്പ് വിശദമാക്കുന്നത്. ഈ പ്രായത്തിൽ തള്ളയാനയുടേയും ആനക്കൂട്ടത്തിലെ മറ്റ് ആനകളേയും ആശ്രയിച്ചാണ് കുട്ടിയാനകൾ ജീവിക്കുന്നതെന്നാണ് വസ്തുത. 

രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ വളരെ കുറവ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കുട്ടിയാനയെ വനംവകുപ്പ് രക്ഷിച്ചത്. കുട്ടിയാനയെ മയക്കുവെടി വയ്ക്കുന്നതിലെ സാങ്കേതിക വശം പരിഗണിച്ചായിരുന്നു ഇത്തരമൊരു നടപടി.2023ൽ തമിഴ്നാട്ടിലും സമാനമായ ഒരു സംഭവവമുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin