കണ്ണുചിമ്മി തുറക്കുന്ന വേഗത്തിൽ മസ്കിന്റെ പോക്കറ്റിലെത്തിയത് 2 ലക്ഷം കോടി; ട്രംപിന്റെ വിജയത്തിൽ നേട്ടം ഇവർക്കോ

ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്ക് യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കയ്യും മെയ്യും മറന്നാണ് ട്രംപിന് വേണ്ടി രംഗത്തിറങ്ങിയത്. സാമ്പത്തിക പിന്തുണ മാത്രമല്ല, നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ നേരിട്ട് പ്രചാരണത്തിനിറങ്ങിയും മസ്ക് ട്രംപിനോടുള്ള കൂറ് തെളിയിച്ചു. ഞങ്ങളുടെ പുതിയ നക്ഷത്രം എന്ന് പറഞ്ഞ് ട്രംപും മസ്കിനെ ചേര്‍ത്തുനിര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ട്രംപ് വിജയിക്കുകയാണെന്ന് സൂചനകള്‍ വന്നയുടനെത്തന്നെ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളിലെല്ലാം തന്നെ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒറ്റ ദിവസം കൊണ്ട് മസ്കിന്‍റെ ആസ്തിയില്‍ 2.22 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ മസ്കിന്‍റെ ആകെ ആസ്തി 24.36 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ട്രംപിന്‍റെ വിജയ സൂചന പുറത്തുവന്നപ്പോള്‍ തന്നെ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ  ടെസ്ല ഓഹരികളില്‍ 14.75 ശതമാനം വര്‍ധനയുണ്ടായി. ഓഹരി ഒന്നിന് 288.53 ഡോളര്‍ വരെ  ടെസ്ല ഓഹരികള്‍ ഉയര്‍ന്നു.

 ട്രംപിന്‍റെ വിജയത്തില്‍ നിന്ന് മസ്കിന് മാത്രമല്ല നേട്ടമുണ്ടായത്. ട്രംപിന്‍റെ തിരിച്ചുവരവില്‍ ആവേശം കൊണ്ട യുഎസ് ഓഹരി വിപണികള്‍ കുതിച്ചപ്പോള്‍ ലോകത്തിലെ മറ്റ് മുന്‍നിര സമ്പന്നരുടെ ആസ്തിയും കുത്തനെ കൂടി, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ ആസ്തി 7.14 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 228 ബില്യണ്‍ ഡോളറിലെത്തി. ലോകത്തിലെ നാലാമത്തെ ധനികനായ ഒറാക്കിളിന്‍റെ സഹസ്ഥാപകനും സിടിഒയുമായ ലാറി എല്ലിസണിന്‍റെ ആസ്തി 9.88 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 193 ബില്യണ്‍ ഡോളറിലെത്തി. നിക്ഷേപകനും ബെര്‍ക്ക്ഷെയറിന്‍റെ ചെയര്‍മാനുമായ  വാറന്‍ ബഫറ്റ് 7.58 ബില്യണ്‍ ഡോളര്‍ നേടി മൊത്തം ആസ്തി 148 ബില്യണ്‍ ഡോളറായി ഉയര്‍ത്തി.

ട്രംപിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് യുഎസ് സൂചികയായ എസ് ആന്‍റ് പി 500 2.53 ശതമാനം ഉയര്‍ന്ന് 5,929.04 ഡോളറിലെത്തി. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 1,508.05 പോയിന്‍റ് ഉയര്‍ന്ന് 43,729.93 ഡോളറിലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 2.95% ഉയര്‍ന്നു.

By admin