പാലക്കാട്: അടിക്കടി വേഷംമാറുന്നവരെയും വേഷങ്ങള്‍ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. പി. സരിന്‍. പാലക്കാട് കോട്ടമൈതാനത്ത് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിക്കൂട്ടില്‍ ആരൊക്കെയുണ്ടാകുമെന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് കാണിച്ചുതരും. സത്യം തുറന്നുകാണിക്കാന്‍ ഏതറ്റം വരെയും പോകും. അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുത്. അങ്ങനെ ചെയ്താല്‍ രക്ഷപ്പെടുന്നത് മറ്റ് പലരുമാണ്.
പാലക്കാട്ടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഇപ്പോള്‍ നടക്കുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയാണ്. നിയമവിരുദ്ധമായി നടത്തുന്ന ഇടപാടുകള്‍ ചര്‍ച്ച ചെയ്യുന്ന വിധം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരുമെന്നും സരിന്‍ പറഞ്ഞു.