ഡല്‍ഹി: കഴിഞ്ഞ മാസം റായ്ഗഡ് ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഒരു ആനക്കുട്ടിയടക്കം മൂന്ന് ആനകള്‍ ചത്ത സംഭവത്തില്‍ അനാസ്ഥ കാട്ടിയ ഊര്‍ജ വകുപ്പ് സെക്രട്ടറിയെയും സംസ്ഥാന വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിങ് ഡയറക്ടറെയും ഛത്തീസ്ഗഡ് ഹൈക്കോടതി ശാസിച്ചു.
ചീഫ് ജസ്റ്റിസ് രമേഷ് സിന്‍ഹയുടെയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവിന്റെയും നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച്, സംഭവത്തെക്കുറിച്ച് വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഊര്‍ജ്ജ വകുപ്പിന് നിര്‍ദ്ദേശം നല്കി.
റായ്ഗഡിലെ ഘര്‍ഘോഡ ഫോറസ്റ്റ് റേഞ്ചില്‍ ആനകള്‍ ചത്തതിന് കാരണമായ സാഹചര്യങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കാനും ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള പ്രതിരോധ നടപടികളുടെ രൂപരേഖ തയ്യാറാക്കാനും ഹൈക്കോടതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.