ഡല്‍ഹി: പ്രശസ്ത ഗായിക ശാരദ സിന്‍ഹ അന്തരിച്ചു. 72 വയസ്സായിരുന്നു. മകന്‍ അന്‍ഷുമാന്‍ സിന്‍ഹ മരണ വിവരം സ്ഥിരീകരിച്ചു.
അമ്മ എന്നും ജനഹൃദയത്തില്‍ ഉണ്ടാകുമെന്ന് എഎന്‍ഐയോട് സംസാരിക്കവെ അന്‍ഷുമാന്‍ പറഞ്ഞു. മൃതദേഹം ബുധനാഴ്ച രാവിലെ അന്തിമ ചടങ്ങുകള്‍ക്കായി പട്നയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഒരു തരം ബ്ലഡ് ക്യാന്‍സറുമായി പോരാടുകയായിരുന്നു അമ്മയെന്നും ഇത് ഞങ്ങള്‍ക്ക് സങ്കടകരമായ സമയമാണെന്നും അന്‍ഷുമാന്‍ പറഞ്ഞു.
ഛത്ത് പൂജയുടെ ആദ്യ ദിവസം തന്നെ അമ്മ ഞങ്ങളെ വിട്ടുപോയി. ആളുകളുടെ ഹൃദയത്തില്‍ അമ്മ എന്നും ഉണ്ടാകും.-അദ്ദേഹം പറഞ്ഞു.
ഛത് ഗാനങ്ങള്‍ക്ക് പേരുകേട്ട പത്മഭൂഷന്‍ ജേതാവിനെ ഒക്ടോബര്‍ 27-ന് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
‘ബീഹാര്‍ കോകില’ എന്നറിയപ്പെടുന്ന ശാരദ സിന്‍ഹ, ഭോജ്പുരി, മൈഥിലി, മഗാഹി സംഗീതം എന്നിവയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്കായി ആഘോഷിക്കപ്പെട്ട ഒരു പ്രശസ്ത ഇന്ത്യന്‍ നാടോടി ഗായികയായിരുന്നു.
ബീഹാറിന്റെ പരമ്പരാഗത സംഗീതം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കെല്‍വാ കേ പാട് പര്‍ ഉഗാലന്‍ സൂരജ് മാല്‍ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ, റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്ന കേ ഘട്ട് പര്‍ എന്നിവയാണ് ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍. 2018 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.