ചിറ്റാര്‍: മലയോരവാസികള്‍ക്ക് ഏറെ പ്രയോജനപ്രദമായ മൂഴിയാര്‍-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കുവാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉത്തരവിറക്കി. കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി സര്‍വീസ് പുനരാരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ശബരിഗിരി പവര്‍ഹൗസിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനപ്രദമായ സര്‍വീസ് കോവിഡ് കാലത്താണ് നിലച്ചത്. കിഴക്കന്‍ മേഖലയിലുള്ള ആളുകള്‍ക്ക് തലസ്ഥാന നഗരിയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നേരിട്ട് എത്തുന്നതിനുള്ള മാര്‍ഗ്ഗമാണ് ബസ് സര്‍വീസ് നിലച്ചതോടെ ഇല്ലാതായത്. ചിറ്റാറോണം പരിപാടി ഉദ്ഘാടനം ചെയ്യാന്‍ യുഎഇയിലെത്തിയ മന്ത്രിയോട് സര്‍വീസ് പുനരാരംഭിക്കണമെന്ന് കെയറിന്റെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സര്‍വീസ് ലാഭകരമെങ്കില്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ലാഭകരമായ സര്‍വീസ് ആണെന്ന് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സര്‍വീസ് പുനരാരംഭിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നാണ് നേരത്തെ ബസ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ ബസ് കാട്ടാക്കടയില്‍ നിന്നാണ് അനുവദിക്കുന്നത്. മൂഴിയാറില്‍ നിന്ന് പുലര്‍ച്ചെ ആരംഭിക്കുന്ന സര്‍വീസ് രാവിലെ 10 മണിയോടെ തിരുവനന്തപുരത്ത് എത്തും.
വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് വൈകിട്ട് ഏഴരയ്ക്ക് പത്തനംതിട്ടയില്‍ എത്തി മണിയാര്‍, ചിറ്റാര്‍ , സീതത്തോട് വഴി മൂഴിയാറില്‍ സര്‍വീസ് അവസാനിപ്പിക്കും. അടുത്ത ആഴ്ച ആദ്യത്തോടെ ബസ് സര്‍വീസ് പുനരാരംഭിക്കും.
ചിറ്റാറിലും, സീതത്തോട്ടിലും ബസ് സര്‍വീസിന് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നോബിള്‍ കരോട്ടുപാറ, വൈസ് പ്രസിഡന്റ് നൗഷാദ് ഹനീഫ, ജനറല്‍ സെക്രട്ടറി ഡോ. മനു കുളത്തുങ്കല്‍, രതീഷ് കൊച്ചുവീട്ടില്‍, ഷാജി കൂത്താടിപറമ്പില്‍, ഡേവിഡ് ജോര്‍ജ്, അനു സോജു, അനീഷ് ഹസന്‍ ബാവ, ജോജി തോമസ്, ജോണ്‍ലി സിമി ലിജു, മാത്യു നടുവേലില്‍ എന്നിവര്‍ പറഞ്ഞു.