തിരുവനന്തപുരം: പാലക്കാട്ടെ പൊലീസ് പരിശോധനയിൽ എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസിന് പരിഭ്രാന്തിയെന്നും കോൺഗ്രസിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നും കള്ളപ്പണം എവിടെ നിന്ന് എങ്ങോട്ട് മാറ്റി എന്നതെല്ലാം ഉടൻ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ അട്ടിമറി ലക്ഷ്യമിട്ടു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ ഒരു തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് വൻതോതിൽ പണം എത്തിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് പൊലീസ് ഹോട്ടലിൽ പരിശോധനക്കെത്തുകയും കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പരിശോധന നടത്തുകയും ചെയ്തത്. പരിശോധന വൈകിപ്പിക്കുന്നതിനിടെ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു മുന്നിൽ സംഘർഷമുണ്ടാക്കുകയും ഇതിനിടയിൽ കള്ളപ്പണം മാറ്റുകയും ചെയ്തെന്നാണ് ആരോപണം.