പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന പരാതിയിൽ ഇന്നലെ അർധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പരിശോധനയിൽ പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എസിപി അശ്വതി ജിജി അറിയിച്ചു.
നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ രാത്രി പാലക്കാട് സാക്ഷ്യം വഹിച്ചത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധനയ്ക്കെത്തി എന്നാണ് വിവരം.
അർധരാത്രി 12 മണിയോടെ വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലേക്ക് പൊലീസെത്തി പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.