കൊല്ലം: അഞ്ചലിൽ വീണ്ടും എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
എ.ഐ.എസ്.എഫിൻ്റെ മണ്ഡലം സെക്രട്ടറിയും അഞ്ചൽ സെൻ്റ് ജോൺസ് കോളജ് വിദ്യാർഥിയുമായ ശിവപ്രസാദിനെ രണ്ട് ദിവസം മുമ്പ് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അഞ്ചൽ ടൗണിൽ പ്രകടനവും യോഗവും നടത്തി.
പ്രതിഷേധയോഗം നടക്കുന്നതിനിടെ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകനെ എ.ഐ.എസ്.എഫുകാർ മർദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം.
ഇതറിഞ്ഞ് കൂടുതൽ എസ്.എഫ്.ഐക്കാർ എത്തിയതോടെ സംഘർഷം വ്യാപിച്ചു. പൊലീസ് ലാത്തിവീശി ഇരുകൂട്ടരേയും ഓടിക്കുകയായിരുന്നു. എന്നാൽ, വീണ്ടും സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ എ.ഐ.എസ്.എഫിൻ്റെ ബോർഡുകളും കൊടികളും നശിപ്പിച്ചു.