പാലിയേക്കര : പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവുകടത്ത് സംഘത്തെ ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷ്, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഉല്ലാസ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.
ഇവരിൽനിന്ന് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആലപ്പുഴ കാർത്തികപ്പിള്ളി വലയകത്ത് വടക്കേതിൽ രാജേഷ് (മൺസൂർ-38), പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി കരുവന്നൂക്കാരൻ വീട്ടിൽ സുവിൻ (29), വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മനക്കുളങ്ങരപ്പറമ്പിൽ വീട്ടിൽ മുനീർ (28) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം സിമന്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികൾ എത്തിയത്. ദേശീയപാതയിൽ കാത്തുനിന്ന പോലീസ് സംഘം ലോറി തടഞ്ഞ് ചോദ്യംചെയ്യുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് പ്രതികൾക്കായി ഡാൻസാഫ് സംഘം ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.