മുംബൈ: കൃഷ്ണമൃഗത്തെ കൊന്ന പാപം തീരാന്‍ നടന്‍ സല്‍മാന്‍ ഖാന്‍ ഒന്നുകില്‍ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് പുതിയ ഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നാണ് പുതിയ ഭീഷണി ലഭിച്ചിരിക്കുന്നത്.
പറഞ്ഞതു പോലെ സല്‍മാന്‍ ചെയ്തില്ലെങ്കില്‍ കൊല്ലപ്പെടുമെന്ന് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് സന്ദേശം ലഭിച്ചതായി മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു.
സല്‍മാന്‍ ഖാന് ജീവിച്ചിരിക്കണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണം.
അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അയാളെ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും പുറത്ത് സജീവമാണ്, സന്ദേശത്തില്‍ പറയുന്നു.
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സന്ദേശം അയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.