സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം നാലിന് 66-ാം സ്കൂൾ കായികമേളയുടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും.
11-ാം തീയതി വരെയാകും മത്സരങ്ങൾ നടത്തുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ മാറ്റുരയ്‌ക്കും. 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫിലെ എട്ട് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്‌കൂളുകൾ പങ്കെടുക്കുന്നത്.
മേളയുടെ ബ്രാൻഡ് അംബാസഡർ പിആർ ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ് അദ്ധ്യക്ഷനാകും. 11-ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രി എവർറോളിംഗ് ട്രോഫി സമ്മാനിക്കും.
ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. നാളെ അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ ഉണ്ടാകും.