കോട്ടയം: സി.ബി.എല്‍ ആവേശത്തില്‍ താഴത്തങ്ങാടി. മാറ്റിവെച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി പുനരാരംഭിക്കുമ്പോള്‍ ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിലാണു നടക്കുക. രണ്ടാഴ്ചക്കുള്ളില്‍ താഴത്തങ്ങാടിയില്‍ വന്‍ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത്. മീനച്ചിലാറ്റില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തിന് അടിഞ്ഞ് കൂടിയ മാലിന്യം ഉള്‍പ്പടെ നീക്കേണ്ടതുണ്ട്.
ഒരു തുരുത്തുപോലെ രൂപപ്പെട്ടിരിക്കുകയാണു മാലിന്യം. ഇതോടൊപ്പം ബോട്ട് ക്ലബുകള്‍ക്കും വലിയ തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പല ബോട്ട് ക്ലബുകളും നെഹ്‌റു ട്രോഫി കഴിഞ്ഞതോടെ വള്ളങ്ങള്‍ മടക്കി നല്‍കിയിരുന്നു. ഇനി എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ട അവസ്ഥയാണെന്നു ബോട്ട് ക്ലബുകള്‍ പറയുന്നു.

ഫണ്ട് സമാഹരിക്കണം, വള്ളം വാടകയ്ക്കു എടുക്കണം, തുഴച്ചില്‍കാരെ വീണ്ടും കണ്ടെത്തണം തുടങ്ങി ഒരുപാട് കടമ്പകള്‍ പൂര്‍ത്തിയാക്കാനാണ്ട്. താഴത്തങ്ങാടി വള്ളം കളിക്കു മുന്‍പ് അഞ്ചു ദിവസത്തെ പരിശീലനത്തിനുള്ള സമയം പോലും ലഭിക്കില്ലെന്ന് ബോട്ട് ക്ലബുകള്‍ പറയുന്നു.

ചാമ്പ്യന്‍സ് ബോട്ട് ലീഗ്  നടത്താനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണു പുറത്തിറക്കിയത്. ആറു സ്ഥലങ്ങളിലാകും വള്ളംകളി നടക്കുക. നവംബര്‍ 16ന് ആരംഭിക്കുന്ന സി.ബി.എല്‍ ഡിസംബര്‍ 21നാകും അവസാനിക്കുക.
ഡിസംബര്‍ 21ന് കൊല്ലം പ്രസിഡന്റ് ട്രോഫിയോടെയായിരിക്കും സി.ബി.എല്‍ സമാപിനം. താഴത്തങ്ങാടിക്കു പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു സി.ബി.എല്‍ മാറ്റിവെച്ചത്. സി.ബി.എല്‍ നടത്തണമെന്ന് ബോട്ട് ക്ലബ്ബുകള്‍ ആവശ്യപ്പെട്ടിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്‌റു ട്രോഫി മത്സരം നടത്തിയിരുന്നെങ്കിലും സി.ബി.എല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ബോട്ട് ക്ലബുകളുടെ അസോസിയേഷനുകളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച വൈകിയാണെങ്കിലും വിജ്ഞാപനം ഇറക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *