വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ റുഷിക്കൊണ്ട കുന്നില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് 450 കോടി രൂപ ചെലവില്‍ പണികഴിപ്പിച്ച ആഡംബര മന്ദിരത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.
12 കിടപ്പുമുറികളോടു കൂടി കടല്‍ കാഴ്ചയ്ക്ക് അഭിമുഖമായാണ് അത്യാഡംബര സൗകര്യങ്ങളോടു കൂടി വിശാഖപട്ടണത്ത് ബംഗാള്‍ ഉള്‍ക്കടലിന് അഭിമുഖമായി 61 ഏക്കറില്‍ ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ മാര്‍ബിള്‍, 200 ചാന്‍ഡിലിയേഴ്‌സ് എന്നിവയും കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. 
കോടിക്കണക്കിന് രൂപ ചിലവാക്കി നിര്‍മ്മിച്ച റുഷിക്കൊണ്ട കൊട്ടാരം മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കൊട്ടാരത്തിന്റെ മുഴുവന്‍ നിര്‍മ്മാണവും രാജ്യത്തെ പ്രധാനപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി പരിസ്ഥിതിയെ നശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
നേരത്തെ നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരെയും അനുവദിച്ചിരുന്നില്ല. അത് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു.
വൈഎസ്ആര്‍സിപി സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി), സുപ്രീം കോടതി, ഹൈക്കോടതി എന്നിവയെ തെറ്റിദ്ധരിപ്പിച്ചതായും ചന്ദ്രബാബു നായിഡു പറഞ്ഞു.
പദ്ധതിയെ ആദ്യം ടൂറിസം സംരംഭമായി ലേബല്‍ ചെയ്തിരുന്നതായും പിന്നീട് പ്രധാനമന്ത്രിയെപ്പോലുള്ള വിശിഷ്ട വ്യക്തികള്‍ക്കുള്ള അതിഥി മന്ദിരമായി പുനര്‍ നിര്‍വചിക്കപ്പെട്ടതായും നായിഡു പറഞ്ഞു. 
ഇത്രയും സമൃദ്ധി കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. രാജാക്കന്മാര്‍ പോലും ഇതുപോലെ മഹത്തായ ഓഫീസുകള്‍ നിര്‍മ്മിക്കില്ല, മാളികയിലെ 300 അംഗ കോണ്‍ഫറന്‍സ് ഹാള്‍, 100 കെവി പവര്‍ സബ്സ്റ്റേഷന്‍, 36 ലക്ഷം രൂപയുടെ ബാത്ത് ടബ് എന്നിവ എടുത്തുകാണിച്ചുകൊണ്ട് നായിഡു പറഞ്ഞു.
ഈ ഫണ്ട് വടക്കന്‍ ആന്ധ്രയിലെ നിര്‍ണായക ജലസേചന പദ്ധതികള്‍ക്ക് ധനസഹായമായി നല്‍കാമായിരുന്നുവെന്നും നായിഡു അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *