മൂന്ന് ദിവസം കൊണ്ട് ബജറ്റ് തിരികെ! 186 പുതിയ സ്ക്രീനുകളിലേക്കും; ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ആ ചിത്രം

ഇന്ത്യന്‍ ബോക്സ് ഓഫീസിന് പൊതുവില്‍ പറഞ്ഞാല്‍ മെച്ചപ്പെട്ട ദീപാവലി സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ പ്രധാന റിലീസുകളൊക്കെ തിയറ്ററുകളിലേക്ക് കാര്യമായി പ്രേക്ഷകരെ എത്തിച്ചു. അവയൊക്കെ ബോക്സ് ഓഫീസില്‍ പണം വാരുന്നുമുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ് തെലുങ്ക് ചിത്രം ക. യുവതാരം കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ചിത്രം. 

ഒക്ടോബര്‍ 31ന് തെലുങ്കിലെ നമ്പര്‍ 1 ദീപാവലി റിലീസ് ആയ ദുല്‍ഖര്‍ സല്‍മാന്‍റെ ലക്കി ഭാസ്കര്‍ എത്തിയ അതേദിവസമാണ് കയും തിയറ്ററുകളില്‍ എത്തിയത്. ബജറ്റിലും കാന്‍വാസിലും പ്രീ റിലീസ് പബ്ലിസിറ്റിയിലുമൊന്നും ലക്കി ഭാസ്കറിനൊപ്പമെത്തുന്ന ചിത്രമല്ല ക. അതിനാല്‍ത്തന്നെ തിയറ്ററുകളും കുറവായിരുന്നു. എന്നാല്‍ കണ്ടവര്‍ കണ്ടവര്‍ മികച്ച അഭിപ്രായം പറഞ്ഞതോടെ ചിത്രം ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ്. ഒപ്പം സ്ക്രീന്‍ കൗണ്ടും കാര്യമായി വര്‍ധിപ്പിച്ചിരിക്കുന്നു.

15 കോടി ബജറ്റിലെത്തിയ ചിത്രമാണിത്. നിര്‍മ്മാതാക്കളായ ശ്രീചക്രാസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്നുതന്നെ ചിത്രം ബജറ്റ് തിരിച്ചുപിടിച്ചു. 19.41 കോടിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍. ഒന്നാം ദിനം മുതല്‍ ഓരോ ദിവസവും കളക്ഷന്‍ വര്‍ധിപ്പിക്കുകയുമാണ് ചിത്രം. റിലീസിന്‍റെ മൂന്നാം ദിനത്തില്‍ 186 പുതിയ സ്ക്രീനുകളിലേക്കും ചിത്രം എത്തിച്ചിരിക്കുകയാണ് വിതരണക്കാര്‍. പ്രേക്ഷക പ്രതികരണം തന്നെ ഇതിന് കാരണം. ഇതിനകം തന്നെ കിരണ്‍ അബ്ബാവാരത്തിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആയിട്ടുണ്ട് ക. ചിത്രത്തിന്‍റെ വിജയം കിരണിന്‍റെ കരിയറില്‍ ബ്രേക്ക് നല്‍കുമെന്നത് ഉറപ്പാണ്. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ക.

ALSO READ : ‘സ്‍കൂള്‍ കുട്ടികള്‍ എന്നെ കണ്ടാല്‍ ആ ഡയലോഗുകള്‍ പറയും’; ‘മഞ്ഞുരുകും കാല’ത്തിലെ കുഞ്ഞ് ജാനിക്കുട്ടി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin