മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി വീണ്ടും ‘ക്ഷീണിപ്പിച്ചു’. 4-2നാണ് മുംബൈയുടെ ജയം.
ഒമ്പതാം മിനിറ്റില്‍ തന്നെ മുംബൈ ആദ്യ വെടി പൊട്ടിച്ചു. നിക്കോസ് കരെലിസ് വക ആദ്യ ഗോള്‍. 55-ാം മിനിറ്റില്‍ നിക്കോസിന്റെ വക അടുത്ത പ്രഹരം. കിട്ടിയ പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച് മുംബൈ ലീഡുയര്‍ത്തി.
57-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനും കിട്ടി പെനാല്‍റ്റി. ജീസസ് ജിമെനസിലൂടെ ബ്ലാസ്റ്റേഴ്‌സും പെനാല്‍റ്റി മോശമാക്കിയില്ല. 71-ാം മിനിറ്റില്‍ ക്വാമി പെപ്രയും വല കുലുക്കിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ഒപ്പമെത്തിയെങ്കിലും സന്തോഷം അധികനേരം നീണ്ടുനിന്നില്ല.
കൃത്യം ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും ചുവപ്പുകാര്‍ഡ് കണ്ട് പെപ്ര പുറത്ത്. പെപ്രയുടെ പുറത്താകലിന്റെ ആഘാതത്തില്‍ വിറച്ച ബ്ലാസ്റ്റേഴ്‌സ് 75-ാം മിനിറ്റില്‍ വീണ്ടും ഞെട്ടി. നഥാന്‍ ആഷര്‍ റോഡ്രിഗസ് മുംബൈയുടെ മൂന്നാം ഗോള്‍ കണ്ടെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മത്സരത്തില്‍ പിന്നാക്കം പോയി.
 90-ാം മിനിറ്റില്‍ മുംബൈയ്ക്ക് വീണ്ടും പെനാല്‍റ്റി. ഇത്തവണ ഗോളടിക്കാനുള്ള അവസരം ലഭിച്ച ലാലിയന്‍സുവാല ചാങ്‌തെ അത്‌ പാഴാക്കിയില്ല. ഒടുവില്‍ മത്സരത്തില്‍ അടിയറവ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം.
ഏഴു മത്സരങ്ങളില്‍ ഇതുവരെ രണ്ടെണ്ണത്തില്‍ മാത്രമാണ് മഞ്ഞപ്പടയ്ക്ക് ജയിക്കാനായത്. അക്കൗണ്ടില്‍ ബാക്കിയുള്ളത് രണ്ട് സമനിലയും മൂന്ന് തോല്‍വിയും. പോയിന്റ് പട്ടികയില്‍ പത്താമതാണ് സ്ഥാനം. ഇങ്ങനെ പോയാല്‍ ഈ സീസണും കൈവിടുമെന്നാണ് ആരാധകരുടെ ആശങ്ക.

By admin

Leave a Reply

Your email address will not be published. Required fields are marked *