ഡല്‍ഹി: ബി.ജെ.പി നേതാവിന്റെ മകന്‍ ഓടിച്ച ബി.എം.ഡബ്ല്യു കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം. രാം ലാല്‍ ഗുപ്തയാണ് മരിച്ചത്.
സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ വൈകിയതില്‍ രോഷാകുലരായി രാം ലാല്‍ ഗുപ്തയുടെ കുടുംബം തെരുവില്‍ പ്രതിഷേധിച്ചു.
പ്രതിക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.പ്രാദേശിക ബിജെപി നേതാവ് ഹമീദുള്ളയുടെ മകന്‍ അസ്മത്തുള്ള എന്ന ഹാനിയുടെതാണ് അപകടമുണ്ടാക്കിയ കാര്‍.
കര്‍ത്താര്‍ ടാക്കീസിനു സമീപമാണ് സംഭവം നടന്നത്. പാചകക്കാരനായി ജോലി ചെയ്തിരുന്ന രാം ലാല്‍ ഗുപ്തയുടെ നേരെ മനഃപൂര്‍വം കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ഇരയുടെ കുടുംബത്തിന്റെ വാദം.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് അല്‍പനേരം നടക്കാന്‍ പോയതായി ഇരയുടെ ഭാര്യ ഗയന്തി ദേവി പറഞ്ഞു. അദ്ദേഹം റോഡരികില്‍ നില്‍ക്കുമ്പോള്‍ മനഃപൂര്‍വം വാഹനമോടിച്ച് കയറ്റി മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഗയന്തി ദേവി പറഞ്ഞു.
ഗുപ്തയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
സംഭവസമയത്ത് ഹമീദുള്ള തന്നെയാണ് ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്ന് ഇരയുടെ കുടുംബം പറയുന്നു. അച്ഛനും മകനും ഒളിവിലാണ്.