പാലക്കാട്ടെ ദളിത് കോണ്‍ഗ്രസ് നേതാവ് സിപിഎമ്മിലേക്ക്; സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെ എ സുരേഷ്

പാലക്കാട്: പാലക്കാട് പിരായിരി കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി.  ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. സുരേഷ് ഡിസിയിൽ എത്തി സിപിഎം ജില്ല സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി കെ എ സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരി​ഗണനയെന്ന് സുരേഷ് ആരോപിച്ചു. 

അതേ സമയം, പിരായിരി കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രം​ഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത്‌ അം​ഗമാണ് സിതാര ശശി.ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ്  സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചു. ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

By admin