തിരുവനന്തപുരം: തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ 10 മണി വരെയാണ് ജലവിതരണം തടസ്സപ്പെടുക.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ – വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെ, ചില സാങ്കേതിക കാരണങ്ങളാൽ അരുവിക്കര 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടി വന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്.
പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, പൗണ്ട് കടവ്, അണമുഖം വാർഡുകളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.