കൂറ്റനാട്: ചാലിശ്ശേരിയില്‍ സ്വകാര്യബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ സ്‌ക്രൂ ഡ്രൈവര്‍ എറിഞ്ഞു. ബസിന്റെ ചില്ല് തറച്ച് യാത്രക്കാരിക്ക് പരിക്കേറ്റു. ചാലിശ്ശേരി പട്ടാമ്പി പാതയില്‍ ഖദീജ മന്‍സിലിന് സമീപം ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം.
ഗുരുവായൂര്‍- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലുഫ്ത്താന്‍സ എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് സ്‌ക്രൂഡ്രൈവര്‍ എറിഞ്ഞത്. ഇത് ബസിന് അകത്തുനിന്നു ലഭിച്ചിട്ടുണ്ട്.
കൂറ്റനാട് ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന രണ്ട് പേരാണ് എതിരെ വന്ന തങ്ങളുടെ ബസിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ സ്‌ക്രൂഡ്രൈവര്‍ എടുത്തെറിഞ്ഞതെന്ന് കണ്ടക്ടര്‍ ശ്രീജിത്ത് പറഞ്ഞു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.