കോട്ടയം: ഇനി സ്വന്തമായി വേണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്യാം. കേള്‍ക്കുമ്പോള്‍ അമ്പരപ്പു തോന്നുമെങ്കിലും സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പ് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പാക്കിയതോടെയാണു ലൈസന്‍സ് സ്വന്തമായി പ്രിന്റു ചെയ്തു ഉപേയോഗിക്കാന്‍ അവസരം ഒരുങ്ങുന്നത്.
ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം വഴി ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പി.വി.സി കാര്‍ഡ് പ്രിന്റ് ചെയ്തു സൂക്ഷിക്കാം.
ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല.
ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍നിന്നു ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇതു ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.
ലൈസന്‍സ്, ആര്‍.സി. ബുക്ക് തുടങ്ങിയവ വിതരണം ചെയ്ത വകയില്‍ മോട്ടോര്‍വാഹന വകുപ്പിന് വന്‍തുക കുടിശിക വരുത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ആര്‍.സി. ബുക്കുളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണം താറുമാറായിരുന്നു.
പിന്നാലെ ഡ്രൈവിങ് ലൈസന്‍സുകള്‍ മുടക്കമില്ലാതെ വിതരണം ചെയ്യാന്‍ തുടങ്ങിയെങ്കിലും പലപ്പോഴും സമയത്തു കിട്ടുന്നില്ലെന്ന ആക്ഷേപം ശക്തമായി. ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് സ്വീകരിച്ച് സ്പീഡ് പോസ്റ്റ് വഴി തപാല്‍ വകുപ്പാണു വിതരണം ചെയ്തിരുന്നത്.
ഇതിനിടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പി.വി.സിയിലേക്കു മാറിതുടങ്ങിയതോടെ അധിക ബാധ്യത കൂടെ ഉണ്ടായി. ഇതോടെയാണ് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയത്.