ന്യൂഡല്‍ഹി: അദാനി പവറിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് (എപിജെഎൽ) ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണത്തിൻ്റെ പകുതിയും നിർത്തിയതായി റിപ്പോർട്ട്. 846 മില്യൺ ഡോളറിൻ്റെ കുടിശ്ശിക ബില്ലുകൾ കാരണമാണ് വൈദ്യുതി വിതരണം നിര്‍ത്തിയത്.
അദാനി പ്ലാൻ്റ് വിതരണം കുറച്ചതായി പവർ ഗ്രിഡ് ബംഗ്ലാദേശ് പിഎൽസിയിൽ നിന്നുള്ള ഡാറ്റയും വ്യക്തമാക്കുന്നുവെന്ന് ‘ദി ഡെയ്‌ലിസ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, ഒക്‌ടോബർ 30നകം കുടിശ്ശിക തീർക്കണമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി കമ്പനി വൈദ്യുതി സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ബില്ലുകൾ അടച്ചില്ലെങ്കിൽ ഒക്‌ടോബർ 31-ന് വൈദ്യുതി വിതരണം നിർത്തിവെയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
മുൻ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങൾ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതൽ അദാനി മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
പിഡിബി ആഴ്ചയിൽ ഏകദേശം 18 മില്യൺ ഡോളർ അടക്കുന്നുണ്ടെന്നും ചാർജ് 22 മില്യണിലധികം ആണെന്നും അദ്ദേഹം പറഞ്ഞു.