സ്‌പെയിന്‍: സ്‌പെയിനിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 158 ആയി ഉയര്‍ന്നു. അതിജീവിച്ചവരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രളയത്തിനാണ് സ്‌പെയിന്‍ സാക്ഷിയായത്.
വലന്‍സിയയിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 155 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വലന്‍സിയയുടെ കിഴക്കന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സമിതി അറിയിച്ചു. സെന്‍ട്രല്‍ സ്‌പെയിനിലെ കാസ്റ്റില്ല-ലാ മഞ്ചയില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്ക് അന്തലൂസിയയില്‍ ഒരു മരണവുമുണ്ടായി.
സുനാമി കണക്കെയായിരുന്നു വെള്ളം കുതിച്ചുവന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വീണുകിടക്കുന്ന ഡോമിനോകളെപ്പോലെ കാറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി കുമിഞ്ഞുകൂടി. വെള്ളപ്പൊക്കത്തില്‍ പാലങ്ങള്‍ തകരുകയും റോഡുകള്‍ തിരിച്ചറിയാനാകാതെ വരികയും ചെയ്തു. നിരവധി പേര്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികാരികള്‍ വെളിപ്പെടുത്തിയിട്ടില്ല. അന്തിമ മരണസംഖ്യ ഇതിലും വലുതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു.
അസാധാരണമായ പ്രളയം
സമീപകാലത്തെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കമായിരുന്നു ഇത്. ശാസ്ത്രജ്ഞര്‍ ഇതിനെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തുന്നു. ഇത് സ്‌പെയിനിലെ വര്‍ദ്ധിച്ചുവരുന്ന ഉയര്‍ന്ന താപനിലയ്ക്കും വരള്‍ച്ചയ്ക്കും മെഡിറ്ററേനിയന്‍ കടലിന്റെ ചൂടും ഇതിന്റെ പിന്നിലുണ്ട്.