കൊല്ലം: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് ജില്ലയിലെ പകുതിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം നഷ്ടമായി.ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാക്കിയശേഷമുള്ള 18-ാമത്തെ ഗഡു വിതരണം ചെയ്തപ്പോൾ ഔദ്യോഗിക കണക്കുപ്രകാരം ജില്ലയിലെ ഗുണഭോക്താക്കളുടെ എണ്ണം 1,95,564 ആയി കുറഞ്ഞു. 3,47,342 ഗുണഭോക്താക്കളാണ് പി.എം.കിസാൻ പദ്ധതിയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ജില്ലയിൽ 17-ാമത്തെ ഗഡു 2,03,729 പേർക്ക് ലഭിച്ചിരുന്നു. 18-ാമത്തെ ഗഡു ലഭിച്ചവരുടെ കണക്കുപ്രകാരം 8,165 ഗുണഭോക്താക്കൾ പദ്ധതിയിൽനിന്ന് പുറത്തായി. ജില്ലയിൽ ചടയമംഗലം ബ്ലോക്കിലാണ് കൂടുതൽ ഗുണഭോക്താക്കൾ പദ്ധതിയിൽ ചേർന്നത്. ഇവിടെ 24,510 പേർക്ക് 17-ാമത്തെ ഗഡു ലഭിച്ചെങ്കിൽ 18-ാമത്തെ ഗഡു ലഭിച്ചത് 23,531 പേർക്കാണ്. ഏറ്റവും കുറവ് ഗുണഭോക്താക്കൾ ചവറ ബ്ളോക്കിലാണ്. ഇവിടെ 10,799 പേർക്ക് 17-ാമത്തെ ഗഡു ലഭിച്ചപ്പോൾ 18-ാമത്തെ ഗഡു ലഭിച്ചത് 10,586 പേർക്കുമാത്രം.
കൃത്യമായ കണക്കുപ്രകാരം 1,51,778 പേരാണ് ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാതെ പോയത്. ആധാർ സീഡിങ്, ഇ.കെ.വൈ.സി., ഭൂമിയുടെ വിവരങ്ങൾ നൽകൽ എന്നിവ പൂർത്തീകരിക്കാത്തതാണ് തടസ്സം. ഭൂമിയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയവർക്കു മാത്രമായാണ് 17, 18 തവണകളുടെ ഗഡു അനുവദിച്ചത്.കേന്ദ്ര സർക്കാരിന്റെ പ്രധാന കർഷകക്ഷേമ പദ്ധതിയായ പി.എം. കിസാൻ ആരംഭിച്ചത് 2018 ഡിസംബറിലാണ്. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് ഈ പദ്ധതി പ്രയോജനംചെയ്യുക. ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങിയ കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക.സാമ്പത്തികവർഷത്തിൽ ഏപ്രിൽ-ജൂലായ്, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് മാസങ്ങളിലായാണ് സർക്കാർ കർഷകർക്ക് ധനസഹായം നൽകുന്നത്.തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.