തിരുവനന്തപുരം: കേരളത്തിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനെ വർഷങ്ങളോളം മൂലയ്ക്കിരുത്തി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ കസേരയിലിരുന്ന് പോലീസിനെ ഭരിച്ച എം.ആർ അജിത്ത്കുമാറിന് അവസരം കിട്ടിയപ്പോൾ തിരിച്ചടി നൽകി ഡിജിപി. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അജിത്ത് കുമാറിനെ കഴിഞ്ഞ ഓഗസ്റ്റിൽ തിരഞ്ഞെടുത്തിരുന്നു.
ഇന്ന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിലെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മെഡൽ വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ നിരവധി അന്വേഷണങ്ങൾ നേരിടുന്ന അജിത്കുമാറിന് മെഡൽ നൽകേണ്ടതില്ലെന്നാണ് ഡിജിപി ഇന്നലെ വൈകിട്ട് ഉത്തരവിറക്കിയത്.
തന്റെ ഓഫീസിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ മെഡൽ നൽകേണ്ടെന്ന് പരുഷമായ ഭാഷയിൽ ഡിജിപി വ്യക്തമാക്കിയതോടെ, സൂപ്പർ ഡിജിപിയായി വിലസിയ അജിത്തിനുള്ള പണിയാണ് അതെന്ന് വ്യക്തമായി.
സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്. സാധാരണ ഗതിയിൽ പോലീസിലെ ജൂനിയർ ഓഫീസർമാർക്ക് നൽകിയിരുന്ന മെഡലാണ് ഇത്തവണ അജിത്തിനും സൈബർ എസ്.പി ഹരിശങ്കറിനും കിട്ടിയത്.
ഇരുവരും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരാണ്. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലെ ചടങ്ങിൽ വച്ച് അജിത്തിന് മുഖ്യമന്ത്രിയുടെ മെഡൽ വിതരണം ചെയ്യേണ്ടെന്ന് ഡിജിപിക്കു വേണ്ടി പോലീസ് ആസ്ഥാനത്തെ എ.ഐ.ജി പദംസിംഗാണ് ഉത്തരവിറക്കിയത്. സ്വർണം പൊട്ടിക്കൽ, അനധികൃത സ്വത്ത്, പൂരംകലക്കൽ തുടങ്ങിയ നിരവധി ആരോപണങ്ങളിൽ വിവിധ അന്വേഷണങ്ങൾ നേരിടുന്നതിനാലാണ് മെഡൽ തടഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം.
അജിത്തിനെതിരായ പോലീസ് മേധാവിയുടെയും ഇന്റലിജൻസ്, ക്രൈംബ്രാഞ്ച്, വിജിലൻസ് മേധാവിമാരുടെയും അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം. ഈ അന്വേഷണം തീരാൻ ആറുമാസമെടുക്കും.
മലപ്പുറം എസ്.പി ഓഫീസ് കോമ്പൗണ്ടിലെ മരംമുറി, കരിപ്പൂർ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് സ്വർണം പൊട്ടിക്കൽ, കവടിയാറിൽ ആഡംബര മാളികയുണ്ടാക്കൽ,ബന്ധുക്കളുടെയടക്കം പേരിൽ അവിഹിതസ്വത്ത് സമ്പാദനം, ഓൺലൈൻ ചാനലുടമയിൽ നിന്ന് കൈക്കൂലി വാങ്ങൽ എന്നിങ്ങനെ ആരോപണങ്ങളിലാണ്അജിത്തിനെതിരേ വിജിലൻസ് അന്വേഷണം.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് മൂന്ന് തരത്തിലുള്ള അന്വേഷണങ്ങൾ നടക്കുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പോലീസ് മേധാവി അന്വേഷിക്കുകയാണ്. പൂരംകലക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ സംഘമാണ് അന്വേഷിക്കുന്നത്. ഇതേക്കുറിച്ച് കഴിഞ്ഞദിവസം തൃശൂരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
പോലീസടക്കം വിവിധ വകുപ്പുകളുടെ വീഴ്ചയെക്കുറിച്ച് ഇന്റലിജൻസ് മേധാവിയും അന്വേഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അജിത്തിന്റെ മെഡൽ തടഞ്ഞത്. എട്ടുമാസം മുൻപാണ് അജിത് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അപേക്ഷിച്ചിരുന്നത്. ആഗസ്റ്റ് 13നാണ് മെഡൽ പ്രഖ്യാപിച്ചത്. അന്ന് അജിത്തിനെതിരേ ആരോപണങ്ങളോ പരാതികളോ അന്വേഷണമോ ഉണ്ടായിരുന്നില്ല.
അജിത്ത് അടക്കം 267 ഉദ്യോഗസ്ഥർക്കാണ് മെഡൽ. മെഡൽ പ്രഖ്യാപിച്ചശേഷം അന്വേഷണങ്ങളോ വകുപ്പുതല നടപടികളോ നേരിട്ടാൽ മെഡൽ അക്കൊല്ലം വിതരണം ചെയ്യാറില്ല.
വിജിലൻസിന്റെയടക്കം അന്വേഷണം പൂർത്തിയാക്കി, ക്ലിയറൻസ് ലഭിച്ചശേഷമേ മെഡൽ നൽകുന്നത് പരിഗണിക്കൂ. അന്വേഷണങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ വകുപ്പുതല നടപടിയെടുക്കുകയോ ചെയ്താൽ മെഡൽ റദ്ദാക്കും- ഇതാണ് മെഡൽ തടഞ്ഞത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.