തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ മരണശേഷം അഴിമതിക്കാരനായി ചിത്രീകരിച്ച് വ്യാജപ്പരാതിയുണ്ടാക്കിയ കണ്ണൂരിലെ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തനെതിരേ യാതൊരു അന്വേഷണവും നടക്കുന്നില്ല.
എ.ഡി.എമ്മിന് കൈക്കൂലി നൽകിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി വെളിപ്പെടുത്തുകയും ആ പരാതിയെന്ന പേരിൽ ഒരു രേഖ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് വ്യക്തമായിട്ടും അതേപ്പറ്റി അന്വേഷണമോ നടപടികളോ ഇല്ലാത്തതാണ് ദുരൂഹം.
മരണശേഷവും നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ടി.വി പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന പേരിൽ വ്യാജപരാതി ചമച്ചതും അത് മനപൂർവ്വം പുറത്തുവിട്ടതും.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ.കെ.വിജയൻ പൊലീസിന് നൽകിയ മൊഴിയിൽ തനിക്ക് തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള വിവരങ്ങൾ പുറത്തേക്ക് വന്നതും ഇത് പി.പി ദിവ്യ ജാമ്യാപേക്ഷയുടെ ഭാഗമായി ഉയർത്തിയതും സംശയങ്ങൾ വർധിപ്പിക്കുകയാണ്.
ഇങ്ങനെയൊരു പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറിയിട്ടില്ലെന്ന് വിജിലൻസും വ്യക്തമാക്കുന്നു. ആ നിലയ്ക്ക് പുറത്തുവിട്ട പരാതി കെട്ടിച്ചമച്ച വ്യാജരേഖയാണെന്ന് വ്യക്തമായി.
എന്നിട്ടും ക്രിമിനൽ കേസെടുക്കാതെ പ്രശാന്തനെ സംരക്ഷിക്കുകയാണ് സർക്കാർ. വിവാദമായിട്ടും ഇതേപ്പറ്റി അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകുന്നില്ല. വകുപ്പു തല അന്വേഷണത്തിന്റെ ഭാഗമായി പരാതി ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും ഇത് ഉൾപ്പെട്ടിരുന്നില്ല.
ജില്ലയിലെ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥന്റെ ആത്മഹത്യയെ തുടർന്ന് പുറത്ത് വന്ന പരാതി പരിശോധിക്കാൻ സർക്കാരും ഇതിന്റെ പിന്നിലെ വസ്തുതയറിയാൻ പാർട്ടിയും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം തുടങ്ങിയതായും അറിവില്ല. പ്രശാന്തശന്റ പേരിൽ കേസെടുക്കണമെന്ന ആവശ്യം നവീന്റെ കുടുംബം നിരന്തരമായി ആവശ്യം ഉയർത്തുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
റവന്യു മന്ത്രി കെ. രാജന്റെ നിർദ്ദേശ പ്രകാരം നവീനെതിരായ ആരോപണങ്ങളെപ്പറ്റി ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത നടത്തിയ അന്വേഷണത്തിൽ നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്ന് പറയാതിരുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കളക്ടർ പൊലീസിന് നൽകിയ മൊഴിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നു.
യാത്രഅയപ്പ് യോഗത്തിനു ശേഷം നവീൻബാബു തന്നെ വന്നുകണ്ട് തനിക്ക് തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞെന്നാണ് കളക്ടറുടെ മൊഴി. വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകപ്പെട്ട ഉദ്യോഗസ്ഥന്റെ മേലധികാരി തന്നെ ഒരേ വിഷയത്തിൽ പൊലീസിന് നൽകിയ വ്യത്യസ്ത മൊഴി പ്രതിയെ രക്ഷിക്കാനാണെന്ന് ഉറപ്പാണ്.
ദിവ്യയെ രക്ഷിക്കാനുള്ള തിരക്കഥയിൽ കളക്ടറും പങ്കാളിയാവുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നത്. അന്വേഷണം ഇങ്ങനെ പോയാൽ എ.ഡി.എമ്മിന്റെ മരണത്തിലെ സത്യം തെളിയില്ലെന്നാണ് കുടുംബം പറയുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചെന്ന് പ്രതിഭാഗം ആദ്യം അവകാശപ്പെട്ടിരുന്ന പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ പാർട്ടി കേന്ദ്രത്തിലെന്ന വിവരം പുറത്ത് വന്നിരുന്നു.
കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുമായിരുന്ന പി.പി ദിവ്യ എ.ഡി.എമ്മിനെതിരെ ഉന്നയിച്ച പരസ്യ ആരോപണങ്ങൾക്ക് കരുത്തു പകരാൻ ഉണ്ടാക്കിയെടുത്ത പരാതിയാണിതെന്ന ആരോപണം ശക്തമാണ്. പരാതി തയ്യാറാക്കിയത് ചില ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന സി.പി.എം സംസ്ഥാന സംഘടനാ സംവിധാനത്തിന്റെ ഭാഗമായ ആളാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.
ഇദ്ദേഹത്തിന്റെ ബിനാമിയിടപാടുകളാണ് പെട്രോൾ പമ്പ് എന്നടക്കമുള്ള വിവരവും പുറത്തായിട്ടുണ്ട്. എ.ഡി.എമ്മിനെതിരായ കൈക്കൂലി ആരോപണങ്ങളോടെ തയ്യാറാക്കിയ പരാതിയിൽ പ്രശാന്തന്റെ പേരെഴുതി വ്യാജ ഒപ്പിട്ടതും പാർട്ടി കേന്ദ്രത്തിലാണെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെന്ന മട്ടിൽ കള്ളരേഖ പ്രചരിപ്പിച്ചതിന് പ്രശാന്തനെതിരേ കേസെടുക്കാനാവുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി ലഭിച്ചെങ്കിൽ പരാതിക്കാരനായ പ്രശാന്ത് എന്ത് കൊണ്ട് ഡോക്കറ്റ് നമ്പരും എസ്.എം.എസ് വഴിയുള്ള അറിയിപ്പും ലഭിച്ചില്ലെന്നതാണ് സംശയം. ഒക്‌ടോബർ പത്താണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച പരാതിയുടെ തീയ്യതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്.
എ.ഡി.എമ്മിനെതിരായ ഗുരുതര സ്വഭാവമുള്ള പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് ലഭിച്ചെങ്കിൽ എന്ത് കൊണ്ട് പരാതി പരിഹാര സെല്ലിൽ അത് രജിസ്റ്റർ ചെയ്തില്ല. പരാതിയിലുള്ള പ്രശാന്തന്റെ ഒപ്പും പമ്പുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള രേഖകളിലെ ഒപ്പും തമ്മിലുള്ള വൈരുധ്യമോ ഇതേ പരാതി സമൂഹമാദ്ധ്യമങ്ങളിൽ ആരാണ് പ്രചരിപ്പിച്ചതെന്നോ സംബന്ധിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല- തുടങ്ങിയ ചോദ്യങ്ങളാണ് എഡിഎമ്മിന്റെ കുടുംബം ഉയർത്തുന്നത്.
ശ്രീകണ്ഠപുരത്ത് ബി.പി.സി.എൽ തനിക്ക് അനുവദിച്ച പെട്രോൾ പമ്പിനുള്ള അനുമതി എ.ഡി.എം വൈകിപ്പിക്കുന്നുവെന്നും ഈ മാസം ആറിന് തന്നെ എ.ഡി.എമ്മിന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും മറ്റ് ഭീഷണികൾ മുഴക്കിയെന്നും അതേത്തുടർന്ന് താൻ 98500 രൂപ നൽകിയെന്നും തുടർന്ന് എട്ടിന് പമ്പിന് അനുമതി നൽകിയെന്നുമാണ് പ്രശാന്തന്റെ പേരിൽ പുറത്തുവന്ന കള്ളപ്പരാതിയിലുള്ളത്.