തിരുവനന്തപുരം: എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8ന് റിലീസ് ചെയ്യും. പിതാവ് പിഎം കുഞ്ഞിമൊയ്തീന്റെ പൊലീസ് സർവ്വീസ് കാലത്തുണ്ടായ ഒരു കേസാണ് എംഎ നിഷാദ് സിനിമയാക്കി മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ.
‘ജീവൻ തോമസ് തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനെകൊണ്ട് അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്’ എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തുവിട്ടത്. മിനിറ്റുകൾക്കുള്ളിൽ വൈറലായ ട്രെയിലറിന് ഗംഭീര റെസ്‌പോൺസാണ് ലഭിച്ചത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാദ്ധ്യമ പ്രവർത്തകനുമായ ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഷൈൻ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്, അശോകൻ, ബൈജു സന്തോഷ് എന്നിവരോടൊപ്പം 70 ഓളം താരങ്ങളെയാണ് ചിത്രത്തിൽ അണിനിരത്തിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിച്ചത്.