വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയെ കൂടാതെ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 400 കമ്പനികള്‍ക്കെതിരെയാണ് വിലക്കേര്‍പ്പെടുത്തിയത്.
യുകെ, ജപ്പാന്‍, ചൈന, ഇന്ത്യ, ഖസാക്കിസ്ഥാന്‍, കിര്‍ഗീസ് റിപ്പബ്ലിക്ക്, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
റഷ്യക്കെതിരായ ഉപരോധ നിര്‍ദ്ദേശം മറികടന്നതാണ് വിലക്കേര്‍പ്പെടുത്താനുള്ള കാരണം. യുക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന തരത്തില്‍ ഇടപെട്ടു എന്നതാണ് കമ്പനികള്‍ക്കെതിരായ കുറ്റം.
ഇന്ത്യയില്‍ നിന്നുള്ള അസെന്റ് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മാസ്‌ക് ട്രാന്‍സ്, ടിഎസ്എംഡി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, മൈക്രോ ഇലക്ട്രോണിക് എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം റഷ്യയെ സഹായിക്കുന്ന എല്ലാ കമ്പനികള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റഷ്യയ്ക്കെതിരായ ആഗോള ഉപരോധം ലംഘിക്കുന്ന ഏതൊരു ഇന്ത്യന്‍ കമ്പനിയും യൂറോപ്പിലെയും അമേരിക്കയിലെയും അവരുടെ ആഗോള സഖ്യകക്ഷികളുമായും വ്യാപാരം നടത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന ഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി അടുത്തിടെ പറഞ്ഞിരുന്നു.
ഇന്ത്യ-യുഎസ് ബന്ധം മുമ്പെങ്ങുമില്ലാത്തവിധം വിശാലവും ആഴമേറിയതുമാണെന്ന് ജൂലൈയില്‍ ഗാര്‍സെറ്റി പറഞ്ഞിരുന്നു. എന്നാല്‍ അത് ‘ഗ്രാന്റ്’ ആയി എടുക്കാന്‍ വേണ്ടത്ര ആഴത്തിലുള്ളതല്ലെന്ന് ഗാര്‍സെറ്റി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരാമര്‍ശം.