കോട്ടയം: റബര്‍ ബോര്‍ഡിന്റെ പുതിയ നീക്കം കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനാണെന്നും റബര്‍ കൃഷിയെ സംരക്ഷിക്കാന്‍ ശാശ്വത നടപടിയാണു സ്വീകരിക്കേണ്ടതെന്നും കര്‍ഷകര്‍. വിപണിയില്‍ റബറിനു ക്ഷാമം ഉണ്ടായിരുന്ന കാലത്ത് വന്‍കിട ടയര്‍ കമ്പികള്‍ക്കൊപ്പം കൂട്ടു നിന്നു വിലയിടിച്ചതു റബര്‍ബോര്‍ഡായിരുന്നു.
വില കുറയ്ക്കാന്‍ വിപണിയില്‍ നിന്നു വിട്ടു നിന്ന ടയര്‍ കമ്പനികള്‍ അനിയന്ത്രിതമായി ഇറക്കുമതി നടത്തിയപ്പോള്‍ ഒത്താശ ചെയ്തതു റബര്‍ബോര്‍ഡും കേന്ദ്ര സര്‍ക്കാരുമാണ്. ഇറക്കുമതി നിയന്ത്രിക്കണമെന്ന ശിപാര്‍ശയില്‍ ഇപ്പോഴും നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
ഇതിനിടെയാണ് ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ടയര്‍ കമ്പനികളുടെ നിലപാടിനെതിരേ റബര്‍ ബോര്‍ഡ് രംഗത്തു വന്നത്. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ റബര്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ യോഗത്തിലാണു റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റബര്‍ പോലെയുള്ള ദീര്‍ഘകാല വിളയില്‍ പെട്ടെന്നുണ്ടാകുന്ന വിലയിടിവും അനിശ്ചിതത്വവും നല്ലതല്ല. കോമ്പൗണ്ടഡ് റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി ഈ മേഖലയുടെ നിലനില്‍പ്പിന് ആശങ്കയാണ്. റബര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പക്ഷേ, റബര്‍ബോര്‍ഡ് നടപടിയില്‍ കര്‍ഷകര്‍ക്കു പ്രതീക്ഷയില്ല. തുടര്‍ച്ചായി ഇടിയാന്‍ തുടങ്ങിയ റബര്‍ വില ഇപ്പോള്‍വില 180 രൂപയില്‍ താഴെയാണ്. ടയര്‍ കമ്പനികള്‍ ചരക്കെടുക്കാത്തതു കാരണം റബര്‍ബോര്‍ഡ് വില പോലും ലഭിക്കുന്നില്ല. പത്തു രൂപ വരെ വില കുറച്ചു റബർ എടുക്കുന്ന വ്യാപാരികളും ഉണ്ട്.
വില കുറഞ്ഞതോടെ ഇടത്തരം തോട്ടങ്ങൾ ടാപ്പിങ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. റബറിന് വില വർധിച്ചതോടെ പല തോട്ടങ്ങളും സജീവമായിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ ഉൽപ്പാദനത്തിന് ചിലവാക്കുന്നതു പോലും തിരിച്ചു കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു.റബര്‍ വില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച കൂലിക്ക് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നതാണു പലരും നേരിടുന്ന പ്രതിസന്ധി. വില കൂടിയതോടെ വായ്പയെടുത്തും മറ്റും തോട്ടങ്ങള്‍ ഒരുക്കിയെടുത്തവരും സാമ്പത്തിക ബാധ്യതയിലായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *