‘മാമന്നന്‍’ പോലെയല്ല, ഇക്കുറി ചിരി പൊട്ടിക്കാന്‍ ഫഹദ്, വടിവേലു ടീം; ‘മാരീചന്‍’ പോസ്റ്റര്‍ എത്തി

അഭിനേതാക്കളുടെ കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍ കൊണ്ടുതന്നെ ചില സിനിമകള്‍ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ തമിഴ് ചിത്രം മാമന്നന്‍. വടിവേലു ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഉദയനിധി സ്റ്റാലിന്‍ ആയിരുന്നു. പ്രതിനായകനായി എത്തിയത് ഫഹദ് ഫാസിലും. ചിത്രത്തിലെ ഫഹദിന്‍റെ പ്രകടനം തമിഴ് പ്രേക്ഷകര്‍ കൊണ്ടാടിയിരുന്നു. എന്നാല്‍ ഫഹദും വടിവേലുവും ഇനി ഒരുമിച്ചെത്തുക തികച്ചും വേറിട്ട മറ്റൊരു ചിത്രത്തിലാണ്.

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന മാരീചന്‍ എന്ന ചിത്രത്തിലാണ് ഫഹദും വടിവേലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്ക് പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴിതാ ദീപാവലി പ്രമാണിച്ച് ചിത്രത്തിന്‍റെ സ്പെഷല്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇതില്‍ ആദ്യമെത്തിയ പ്രധാന പോസ്റ്ററില്‍ ഒരു പഴയ ബൈക്കില്‍ പോകുന്ന ഫഹദിന്‍റെയും വടിവേലുവിന്‍റെയും കഥാപാത്രങ്ങളെ കാണാം. ഫഹദാണ് വണ്ടി ഓടിക്കുന്നത്.

 

സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 98-ാം ചിത്രമാണ് മാരീചന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്. രജനി ചിത്രം വേട്ടൈയന്‍ ആണ് ഫഹദിന്‍റേതായി തമിഴില്‍ അവസാനം ഇറങ്ങിയ ചിത്രം. 

ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin