തിരുവനന്തപുരം: ഡിസ്നി സ്റ്റാറിൻെറ കൺട്രി മാനേജർ – പ്രസിഡൻ്റ്  പദവിയിൽ നിന്ന് ഏഷ്യാനെറ്റ് മേധാവി കെ. മാധവൻ ഒഴിഞ്ഞു. ഡിസ്നി സ്റ്റാറിനെ ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻ റിലയൻസ് ഏറ്റെടുത്തതോടെയാണ് 15 വ‍ർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കെ. മാധവൻ ഡിസ്നി സ്റ്റാറിൽ നിന്ന് പടിയിറങ്ങുന്നത്. 1999 മുതല്‍ 25 വര്‍ഷക്കാലം ഏഷ്യാനെറ്റിനെ നയിച്ച കെ മാധവന്‍റെ പടിയിറക്കം ചാനല്‍ ലോകത്ത് വലിയ ചര്‍ച്ചയാണ്.
കാരണം വിശദമാക്കിയിട്ടില്ലെങ്കിലും മാധവൻ ഒഴിയുന്ന വിവരം റിലയൻസ് അധികൃതർ സ്ഥിരീകരിച്ചു. ഡിസ്നി സ്റ്റാറിനെ ലയിപ്പിക്കുന്നതോടൊപ്പം കമ്പനി തലപ്പത്ത് റിലയൻസ് വിശ്വസ്തനായ മേധാവിയെ നിയമിക്കാൻ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്. ഇത് മനസിലാക്കിയാണ് കെ. മാധവൻ സ്വയം ഒഴിഞ്ഞതെന്നാണ് സൂചന.
കോർപ്പറേറ്റ് ലയനങ്ങളിൽ ഇത് പതിവാണ്. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹചാനലായ ഏഷ്യാനെറ്റിലൂടെയാണ് വടകര സ്വദേശിയായ കുന്നിയൂർ മാധവൻ എന്ന കെ.മാധവൻ ലോകത്തെ തന്നെ പ്രധാന വിനോദ വ്യവസായ സ്ഥാപനമായ ഡിസ്നി സ്റ്റാറിൻെറ തലപ്പത്ത് വരെ എത്തിയത്.

ആദ്യം കോളജ് അധ്യാപകൻ ആകാനിറങ്ങി. പിന്നെ ബാങ്ക് ക്ളർക്കായി തുടങ്ങിയ മാധവൻെറ ഔദ്യോഗിക ജീവിതം വളരെ അപ്രതീക്ഷിതമായാണ് മുൻപരിചയമൊന്നും ഇല്ലാത്ത ചാനൽ മേഖലയിലേക്ക് എത്തിയത്.
സംഭവബഹുലം മാധവചരിതം..
സംഭവബഹുലമാണ് കെ.മാധവൻെറ ചാനൽ ജീവിതം. പതിവ് ഉദ്യോഗ കസേരകളിൽ ഒതുങ്ങി പോകരുതെന്ന ദൃഢനിശ്ചയവും പുതിയ ലക്ഷ്യങ്ങൾ എത്തിപിടിക്കാനുളള അഭിവാഞ്ജയുമാണ് മാധവനെ ആഗോള ബിസിനസ് ഭീമനായ ഡിസ്നി സ്റ്റാറിൻെറ തലപ്പത്ത് വരെ എത്തിച്ചത്.
ലക്ഷ്യങ്ങൾ പിന്തുടർന്ന് നേടിയെടുക്കുന്നതിനുളള കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൂടിയായപ്പോൾ മാധവൻെറ ഔദ്യോഗിക ജീവിതം ഇന്ദ്രജാലത്തിലെന്ന പോലെ മാറിമറിഞ്ഞു.
തുടക്കം ഫെഡറല്‍ ബാങ്കില്‍
വടകര, വൈക്കിലശേരി കുന്നിയൂ‍ർ തറവാട്ടില്‍ ശങ്കരൻ നമ്പ്യാരുടെയും സത്യഭാമയുടെയും മകൻ ആയിട്ടാണ് മാധവൻെറ ജനനം. പ്രതാപമുളള തറവാടായിരുന്നെങ്കിലും കൃഷിക്കാരനായ അച്ഛൻെറ കാലത്ത് ക്ഷയിച്ച അവസ്ഥയിലായിരുന്നു.
എന്നാൽ വീട്ടിലെ ദാരിദ്ര്യത്തിൽ മാധവൻ നിരാശനായിരുന്നില്ല. വൈക്കിലശേരി യു.പി സ്കൂളിലും ബി.ഇ.എം ഹൈസ്കുളിലുമായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. വടകര മടപ്പളളി കോളജിൽ നിന്ന് ബികോമും ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ നിന്ന് എംകോമും നേടി.
മടപ്പളളി കോളജിൽ തന്നെ അധ്യാപകൻ ആകാനുളള അവസരവും ഫെ‍‍‍ഡറൽ ബാങ്കിലെ ക്ലർക്ക് ജോലിയും കെൽട്രോണിലെ മാനേജ്മെന്റ് ട്രെയിനി ജോലിയും ഒരുമിച്ചാണ് ലഭിച്ചത്.
വീടിന്  തൊട്ടടുത്താണ് മടപ്പളളി കോളജ്, വേണമെങ്കിൽ വീട്ടിൽ പോയി ഉച്ചയൂണ് കഴിക്കാൻ പറ്റുന്ന തരത്തിലുളള സൗകര്യം. എന്നാൽ മാധവനിലെ സാഹസികൻ തിരഞ്ഞെടുത്തത് ഷില്ലോങ്ങിൽ ആദ്യ നിയമനം നൽകുന്ന ഫെഡറൽ ബാങ്കിലെ ജോലിയാണ്.

ഒരു കൊല്ലത്തെ ഷില്ലോങ്ങ് ബാങ്ക് ജീവിതത്തിന് ശേഷം വടകര ശാഖയിൽ തന്നെ പോസ്റ്റിങ്ങ് ലഭിച്ചു. ഒരേ ദിനചര്യകളിൽ പെട്ട് പതിവ് ട്രാക്കിലോടിയിരുന്ന വടകരയിലെ ഔദ്യോഗിക ജീവിതം മടുത്ത മാധവൻ, മുംബൈയിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി. മുംബൈയിലെ ജീവിതം മാധവന് മുന്നിൽ  അവസരങ്ങളുടെ വാതിൽ തുറന്നുകൊടുത്തു.
വഴികാട്ടിയായത് ഷെല്‍ഗികര്‍
വ്യവസായ വാണിജ്യ രംഗത്തുളളവരുമായുളള പരിചയങ്ങൾ നല്ല ബന്ധങ്ങളായി വളർന്നു. മാധവനിലെ കഠിനാധ്വാനിയെ വേഗം തന്നെ തിരിച്ചറിഞ്ഞ അത്തരം സുഹൃത്തുക്കൾ ബാങ്കിന് പുറത്ത് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു.
പല വലിയ കമ്പനികളുടെയും കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഷെൽഗികറായിരുന്നു അതിൽ പ്രധാനി. ഷെൽഗികറുടെ പ്രോത്സാഹനത്തിൽ മാധവൻ ബാങ്കിൻെറ സുരക്ഷിതത്വത്തിൽ നിന്ന് പുറത്തുചാടി.
ഷെൽഗികർ തന്നെ തരപ്പെടുത്തി കൊടുത്ത സ്ഥലത്ത് ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനം തുടങ്ങി. ആദ്യവർഷം തന്നെ 3 കോടി ലാഭത്തിലെത്തിയതോടെ മാധവൻ ഉയരങ്ങളുടെ പടവുകളിലേക്ക് കാൽവെച്ചു.
ആദ്യം ഏഷ്യാനെറ്റിന് വായ്പ, പിന്നെ അധിപന്‍
3 കോടി രൂപ വായ്പ തേടി റെജി മേനോൻ കമ്പനിയെ സമീപിച്ചതോടെയാണ് മാധവൻെറ ചാനൽ ബന്ധം തുടങ്ങുന്നത്. ശശികുമാറുമായുളള ആസ്തി തർക്കം പരിഹരിക്കാനായിരുന്നു വായ്പ തേടിയത്. 

നഷ്ടത്തിലോടുന്ന ഏഷ്യാനെറ്റിന് 3 കോടി വായ്പ നൽകുന്നതിനെ കമ്പനി ഡയറക്ടർമാർ എല്ലാവരും എതിർത്തിട്ടും മാധവൻ ആ സാഹസത്തിന് തയാറായി. ഫെഡറൽ ബാങ്ക് ചെയർമാനായിരുന്ന എ.പി.കെ നായരുടെ സമ്മർദ്ദവും വായ്പ നൽകാൻ തയാറായി.
വായ്പാ പണം തിരിച്ചുകിട്ടുന്നതിന് ഏഷ്യാനെറ്റിനെ പ്രാപ്തരാക്കുന്നതിൽ ഇടപെടൽ നടത്താൻ റെജി മേനോൻ മാധവന് സ്വാതന്ത്ര്യം നൽകി. റഷ്യൻ വ്യവസായിയായ റെജിമേനോന് കേരളത്തിലെ ബിസിനസിൽ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു.
പരാധീനതകള്‍ക്കിടയില്‍ ചുമതലയിലേയ്ക്ക്
സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട ഏഷ്യാനെറ്റിൽ ശമ്പളം നൽകാനുളള പണം വരെ കണ്ടെത്തേണ്ടി വന്ന സ്ഥിതിയിലാണ് എം.ഡിയായി ചുമതലയേൽക്കുന്നത്.
ഏഷ്യാനെറ്റിനെ കേരള അതിർത്തിയിൽ നിന്ന് ഗൾഫിലേക്കും സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും വളർത്തിയതോടെ ചാനൽ രക്ഷപ്പെട്ടു. ജീവനക്കാരുടെ പരപൂ‍ർണമായ സഹകരണത്തോടെ വിനോദ വ്യവസായത്തിൽ മാധവൻ നടത്തിയ പരീക്ഷണങ്ങൾ ഫലം കണ്ടുതുടങ്ങി.
സീരിയലുകളും മറ്റ് വിനോദ പരിപാടികളും എല്ലാം ക്ളിക്കായതോടെ കേരളത്തിലെ ചാനൽ വിപണിയിലെ 50 ശതമാനം പ്രേക്ഷക പിന്തുണയുളള സ്ഥാപനമായി ഏഷ്യാനെറ്റ് മാറി. അതുവഴി സാമ്പത്തിക വളർച്ചയും നേടി.
വാർത്താ ചാനലും വിനോദത്തിനും സിനിമയ്ക്കുമായി മലയാളത്തിൽ തന്നെ പുതിയ ചാനലുകൾ വന്നു. കന്നടയിലും ഏഷ്യാനെറ്റ് എത്തിയതോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ചാനൽ നെറ്റ് വർക്കായി ഏഷ്യാനെറ്റിനെ മാറ്റാൻ കെ.മാധവന് കഴിഞ്ഞു.
ഉടമകള്‍ മാറിവന്നപ്പോഴും മാധവന്‍ നായകന്‍
റെജി മേനോനിൽ നിന്ന് രാജീവ് ചന്ദ്രശേഖറും, അദ്ദേഹത്തിൽ നിന്ന് സ്റ്റാറും ഏഷ്യാനെറ്റിനെ ഏറ്റെടുക്കുമ്പോൾ തലപ്പത്ത് മാധവനെ തന്നെ നിലനിർത്തി.
ഈ ഇടപാടുകളിൽ എല്ലാം ഇടനിലക്കാരനായി നിന്ന മാധവൻ, വിനോദ വാർത്താ ചാനലുകളിൽ ഓഹരി പങ്കാളിത്തവും നേടി. സ്റ്റാറിൻെറ വരവോടെ മാധവൻ വീണ്ടും ഉയരങ്ങിളിലേക്ക് പോയി.
2009ൽ സ്റ്റാറിൻെറ ദക്ഷിണേന്ത്യൻ മേധാവിയായി നിയമിക്കപ്പെട്ടു. തെന്നിന്ത്യൻ സിനിമാലോകവുമായി ഏറെ അടുത്ത മാധവൻ മോഹൻലാലിൻെറ ബിസിനസ് പങ്കാളിയും അടുത്ത സുഹൃത്തുമായി മാറി. 2019ലാണ് ഡിസ്നി സ്റ്റാറിൻെറ ഇന്ത്യയിലെ മാനേജറും പ്രസിഡന്റുമായി മാറുന്നത്.
സ്റ്റാർ ഗ്രൂപ്പിൻെറ ബിസിനസ് മൂല്യം ഉയർത്താനും നൂതനമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കാനും മാധവന് കഴിഞ്ഞു.
സച്ചിനൊപ്പം ലോകകപ്പ് വേദി വരെ..

ക്രിക്കറ്റ് അടക്കമുളള കായിക വിനോദങ്ങളുടെ സംപ്രേഷണാവകാശമുളള സ്റ്റാറിൻെറ തലപ്പത്തിരുന്ന മാധവൻ കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനൊപ്പം ലോകകപ്പ് ട്രോഫിയുമായി വേദിയിൽ എത്തിയത് കേരളത്തിനാകെ അഭിമാനകരമായിരുന്നു.

ഇപ്പോൾ ഡിസ്നിയിൽ നിന്ന് പടിയിറങ്ങിയെങ്കിലും കേരളത്തിലെ വിനോദ-വാർത്താ ചാനൽ രംഗത്ത് മാധവൻെറ സാന്നിധ്യമുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ രാജീവ് ചന്ദ്രശേഖറിനൊപ്പം മാധവനും ഓഹരി പങ്കാളിത്തമുണ്ട്. മോഹൻലാലിൻെറെ വിസ്മയാ മാക്സ് ലാബിലും മാധവൻ പങ്കാളിയാണ്. ഡിസ്നിയിൽ നിന്ന് മാറിയ മാധവൻെറ അടുത്ത നീക്കം എന്താണെന്നാണ് ഇനി അറിയാനുളളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *