പാലക്കാട്: സീറ്റ് തർക്കത്തിൽ പരിഭവിച്ച് നിന്നിരുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിച്ച ബി.ജെ.പിക്ക് അടുത്ത തലവേദനയായി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. പ്രചരണത്തിനായി പാലക്കാട് ക്യാംപ് ചെയ്തിരുന്ന സന്ദീപ് സംസ്ഥാന നേതൃത്വത്തോട് പിണങ്ങി ‘സ്ഥലം വിട്ടതായ’ പ്രചാരണമാണ് വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ ബി.ജെ.പിക്ക് തലവേദനയായിരിക്കുന്നത്.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് നേതാക്കൾ തമ്മിൽ ഭിന്നത ഉണ്ടെന്ന പ്രചരണമുളളപ്പോഴാണ് നേതൃത്വത്തോട് പിണങ്ങി സന്ദീപ് വാര്യർ മണ്ഡലം വിട്ടിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ സന്ദീപ് വാര്യരുടെ പിണക്കം സി.പി.എം അടക്കമുളളവർ പ്രചരണത്തിൽ ഉപയോഗിക്കുന്നുണ്ട്.
കോൺഗ്രസിനെ പോലെ തന്നെ ബി.ജെ.പിയിലും തമ്മിലടിയാണെന്നും അന്തഛിദ്രങ്ങൾ ഇല്ലാത്ത മുന്നണി എൽ.ഡി.എഫ് മാത്രമാണെന്നുമാണ് സി.പി.എമ്മിൻെറ പ്രചരണം. ബി.ജെ.പിയിലെ അന്ത സംഘർഷങ്ങൾ സി.പി.എം സാകൂതം വീക്ഷിക്കുന്നു എന്നതിൻെറ തെളിവാണിത്.

ബി.ജെ.പിയിലെ പടലപിണക്കം കോൺഗ്രസും പ്രചരണ വിഷയമാക്കുമ്പോൾ ‘എ’ ക്ളാസ് മണ്ഡലത്തിൽ പാർട്ടി പ്രതിരോധത്തിലേക്ക് പോകുമെന്നാണ് നേതാക്കളുടെ ആശങ്ക.

എൻ.ഡി.എ സ്ഥാനർത്ഥി സി. കൃഷ്ണകുമാറിൻെറ തിരഞ്ഞെടുപ്പ് കൺവൻഷനിൽ അർഹമായ പരിഗണന കിട്ടിയില്ല എന്നതാണ് സന്ദീപ് വാര്യരുടെ പിണക്കത്തിന് കാരണമെന്ന് പറയുന്നു.

കൺവൻഷൻ വേദിയിൽ ഇരിപ്പിടം കിട്ടാത്തതാണ് സന്ദീപിനെ പ്രകോപിപ്പിച്ചതത്രെ. സംസ്ഥാന സമിതി അംഗമായിട്ടും തനിക്ക് വേദിയിൽ സ്ഥലം ലഭിക്കാതിരുന്നപ്പോൾ സ്ഥാനാർത്ഥി സി.കൃഷ്ണ കുമാറിൻെറ ഭാര്യക്ക് വേദിയിൽ കസേര ലഭിച്ചതായി സന്ദീപ് വാര്യരുടെ സുഹൃത്തുക്കൾ നേതാക്കളോട് പരാതി പറഞ്ഞിട്ടുണ്ട്.

പാലക്കാട് ജില്ലക്കാരനായിട്ടും സന്ദീപിനെ മണ്ഡലത്തിൽ പ്രചാരണത്തിന് ഇറക്കാതിരിക്കാനും ശ്രമം നടന്നതായി പരാതിയുണ്ട്. പി.കെ കൃഷ്ണദാസ് പക്ഷം ഇടപെട്ടശേഷമാണ് സന്ദീപ് വാര്യരെ പ്രചാരണത്തിന് ക്ഷണിച്ചത്.

ചാനൽ ചർച്ചകളിൽ ബി.ജെ.പിക്ക് വേണ്ടി സജീവമായി ഇടപെടുന്ന സന്ദീപ് വാര്യരുടെ ഇടപെടലിലാണ് 1991ലെ പാലക്കാട് നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവ് എം.എസ്. ഗോപാലകൃഷ്ണൻ ബി.ജെ.പി പിന്തുണ തേടിക്കൊണ്ട് നൽകിയ കത്ത് പുറത്തായത്. 
ചാനൽ ചർച്ചയിൽ സന്ദീപ് കത്തിൻ്റെ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ സി.പി.എം പ്രതിനിധി നിതിൻ കണച്ചേരി കത്ത് പുറത്ത് വിടാൻ വെല്ലു വിളിച്ചു. തുടർന്നാണ് പാലക്കാട്ടെ മുതിർന്ന നേതാവും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ എൻ. ശിവരാജൻ്റെ കൈവശം ഉണ്ടായിരുന്ന കത്ത് പുറത്ത് വിട്ടത്.

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കത്തിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോൾ ശിവരാജനെ നേരിട്ട് മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടു വന്ന് യഥാർത്ഥ കത്ത് പ്രദർശിപ്പിച്ചതും സന്ദീപ് വാര്യരുടെ ഇടപെടലിൽ ആയിരുന്നു. ഇങ്ങനെ പ്രചരണ രംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് കൺവൻഷൻ വേദിയിൽ ഇടം ലഭിക്കാത്ത പ്രശ്നം ഉണ്ടായത്. 

ഇതോടെ പാലക്കാട് വിട്ട സന്ദീപ് വാര്യർ ഇപ്പോൾ എവിടെയാണെന്ന് നേതാക്കൾക്കും നിശ്ചയമില്ലെന്ന് പറയുന്നു. സന്ദീപിൻ്റെ  ഫോൺ ഓഫ് ചെയ്ത നിലയിലാണ്.
സന്ദീപ് പ്രശ്നം കെട്ടുകഥയെന്ന് ബിജെപി
എന്നാൽ കൺവൻഷനിൽ നിന്ന് സന്ദീപ് വാര്യരെ ഒഴിവാക്കിയെന്ന വിവരം ബി.ജെ.പി നേതൃത്വം നിഷേധിച്ചു. സന്ദീപിനെ ഒഴിവാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ്   ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ പ്രതികരണം.

പാലക്കാട് മണ്ഡലത്തിലെ നേതാക്കളും കോർ കമ്മറ്റി അംഗങ്ങളുമാണ് വേദിയിലെ കസേരകളിൽ ഇരുന്നത്. സംസ്ഥാന ഭാരവാഹികൾ പോലും വേദിയിൽ ഇരുന്നില്ലെന്നും ബി.ജെ.പിയിൽ അഭ്യന്തര പ്രശ്നം ഉണ്ടെന്നത് കെട്ടുകഥയാണെന്നും നേതൃത്വം പറയുന്നു. 

സന്ദീപ് വാര്യരുടെ പിണക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുതിർന്ന നേതാവ് എൻ. ശിവരാജനും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സന്ദീപ് വാര്യരെ കണ്ടിട്ടില്ല. വേദിയിൽ അപ്രധാനമായ ആരും ഉണ്ടായിരുന്നില്ല. എന്തുണ്ടായാലും ഈ സമയത്ത്  അഭിപ്രായ വ്യത്യാസം മാറ്റിവെയ്ക്കണമായിരുന്നു എന്നും എൻ. ശിവരാജൻ പ്രതികരിച്ചു.
എന്തു പ്രശ്നം ഉണ്ടെങ്കിലും സന്ദീപ് വാര്യർ പാലക്കാട് വന്ന് പ്രവർത്തിക്കേണ്ടയാളാണ്. പാലക്കാട് സി. കൃഷ്ണകുമാർ വിജയിക്കുമെന്ന് ഉറപ്പാണ്. കൃഷ്ണകുമാർ ജയിക്കേണ്ടത് ബി.ജെ.പിയുടെ നിലനിൽപ്പിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
സന്ദീപ് വാര്യരെ കൂടാതെ  ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളക്കുട്ടി, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എൻ.ഹരിദാസ് എന്നിവരും പ്രതിഷേധത്തിൽ ആണെന്ന് സൂചനയുണ്ട്. വിജയ സാധ്യതയുള്ള മണ്ഡലത്തിൽ നേതാക്കളുടെ പടലപ്പിണക്കം വിനയാകുമോയെന്ന ആശങ്കയിലാണ് പ്രവർത്തകർ.

By admin

Leave a Reply

Your email address will not be published. Required fields are marked *